ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതിയും പ്രഗത്ഭനായ നയതന്ത്രജ്ഞനുമായി ഡോ. ഹാമിദ് അന്‍സാരിക്കെതിരെ മുന്‍ റോ ഉദ്യോഗസ്ഥനായ എന്‍.കെ സൂദ് ഉന്നയിച്ച ആരോപണങ്ങള്‍ സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് തെളിയുന്നു. ഇറാന് സ്ഥാനപതിയായിരുന്ന കാലത്ത് ഹാമിദ് അന്‍സാരി റോയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് സൂദിന്റെ ആരോപണം. ഇറാനിലെ റോ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് വിരുദ്ധമായി അടച്ചുപൂട്ടാനും അന്‍സാരി ശ്രമിച്ചുവെന്നും സൂദ് ആരോപിച്ചിരുന്നു.
നീണ്ട കാലം നയതന്ത്രജ്ഞനായും ഉപരാഷ്ട്രപതിയായും സേവനം ചെയ്ത ഹാമിദ് അന്‍സാരിക്കെതിരെ ഇപ്പോള്‍ ആരോപണം ഉയരാനുള്ള കാരണം ആര്.എസ്.എസിന്റെ ഗൂഢാലോചനയാണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഹാമിദ് അന്‍സാരി അതിനെതിരെ പ്രതികരിച്ചിരുന്നുയ ഇത് ആര്.എസ്.എസ് നേതൃത്വത്തെയും പ്രധാനമന്ത്രി മോദിയേയും ചൊടിപ്പിച്ചിരുന്നു. മോദി തന്നെ പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് റോയും ഐ.ബിയും പാര്‍ലമെന്റിന് മുന്നില്‍ ഉത്തരം പറയേണ്ടതുണ്ടെന്ന നിലപാടും അന്‍സാരി സ്വീകരിച്ചിരുന്നു. ഇതും സംഘപരിവാര്‍ നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു.
ഇപ്പോള്‍ ആരോപണമുന്നയിച്ച എന്‍.കെ സൂദ് ആര്.എസ്.എസ് പക്ഷപാതിയും കടുത്ത മുസ്ലിം വിരുദ്ധനുമാണ്. അടിച്ചമര്‍ത്തലുകളിലൂടെ മാത്രമേ മുസ്ലിംകളെ പ്രതിരോധിക്കാന്‍ കഴിയൂ എന്നും ഇതില്‍ പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്നും ഇതിനായി ആര്.എസ്.എസ് രംഗത്ത് വരണമെന്നും ട്വീറ്റ് ചെയ്ത വ്യക്തിയാണ് എന്‍.കെ സൂദ്.
