സംവരണം റദ്ദാക്കാന്‍ വീണ്ടും കരുനീക്കി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും താഴ്ന്ന ജാതിക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കി വരുന്ന സംവരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുക്കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംഘ് പരിവാറിന്റെ സംവരണ വിരുദ്ധ നിലപാടിന് പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് തലവന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
നേരത്തെ ഇതുസംബന്ധിച്ച് മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് കളമൊരുക്കിയിരുന്നു. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭഗവതന്റെ പരാമര്‍ശം ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംവരണ വിരുദ്ധ നിലപാട് നേരിട്ട് അവതരിപ്പിക്കാതെ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ആര്‍.എസ്.എസ് തലവന്റെ നീക്കം. സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ സംവരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നാണ് ആര്‍.എസ്.എസ് തലവന്റെ പുതിയ വാദം. സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവണം. സംവരണത്തെ എതിര്‍ക്കുന്നവര്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളതും കേള്‍ക്കാന്‍ തയ്യാറാവണം. അങ്ങനെ സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ – ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.
ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാ ദത്തമായി അനുവദിച്ചു നല്‍കിയിട്ടുള്ള സംവരണാവകാശങ്ങളെ അടച്ചെതിര്‍ക്കുക എന്ന വരേണ്യവര്‍ഗ നിലപാടാണ് സംഘ്പരിവാര്‍ സംഘടനകളും ആര്‍.എസ്.എസും എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ പരസ്യപ്രകടനമായിരുന്നു 2015ലെ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.
രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം സംബന്ധിച്ച് പുനഃപരിശോധന വേണമെന്നായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ അദ്ദേഹം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. സാമൂഹ്യമായ അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം എടുത്തു കളയാനാവില്ലെന്ന് നിലപാട് തിരുത്തുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളക്കു ശേഷം വിഷയം വീണ്ടും പിന്‍വാതില്‍ വഴി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പരാമര്‍ശം.
പ്രത്യക്ഷത്തില്‍ സംവരണത്തെ എതിര്‍ക്കുന്നതാണെന്ന് തോന്നില്ലെങ്കിലും ഇത്തരമൊരു വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതിലൂടെ തന്നെ ആര്‍.എസ്.എസിന്റെ താല്‍പര്യം പ്രകടമാണ്. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജ്ഞാന്‍ ഉത്സവ് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പുതിയ പരാമര്‍ശം.
കേന്ദ്ര സര്‍ക്കാറിന്റെ അജണ്ട നിശ്ചയിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് മോഹന്‍ ഭഗവത് പ്രസംഗത്തില്‍ പറഞ്ഞു. സംഘ് പരിവാറും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും രണ്ട് വ്യത്യസ്ത വേദികളാണ്. ഒരു കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുള്ളവര്‍ പങ്കുകാരോ ഉത്തരവാദികളോ അല്ല. കേന്ദ്ര സര്‍ക്കാറില്‍ സംഘ്പരിവാര്‍ അണികളുണ്ട്. സംഘ് പരിവാറിന് പറയാനുള്ളത് അവര്‍ കേള്‍ക്കുന്നുണ്ടാകാം. എന്നാല്‍ അത് അംഗീകരിക്കണമെന്നില്ല. വിയോജിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘ്പരിവാറിന്റെ ദളിത് വിരുദ്ധ – പിന്നാക്ക വിരുദ്ധ നിലപാടാണ് മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സംവരണം അവസാനിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും സുര്‍ജേവാല ആരോപിച്ചു.

SHARE