ചാണകവും ഗോമൂത്രവും ഉപയോഗിച്ച് നിര്‍മിച്ച സോപ്പ് വിപണിയിലിറക്കാനൊരുങ്ങി ആര്‍.എസ്.എസ്

ആഗ്ര: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച സോപ്പ് ആമസോണ്‍ വഴി വിറ്റഴിക്കാന്‍ ആര്‍.എസ്.എസ് തീരുമാനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പനക്കുണ്ടാവും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍.എസ്.എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് സൗന്ദര്യവര്‍ധക വസ്തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ തയാറെടുക്കുന്നത്.

സ്ഥാപനത്തിന്റെ തന്നെ ഗോശാലയില്‍ നിന്ന് ശേഖരിച്ച ഗോമൂത്രവും ചാണകവും ഉപയോഗിച്ചാണ് സോപ്പ്, ഫെയ്‌സ്പാക്ക്, ചന്ദനത്തിരികള്‍ തുടങ്ങിയവ നിര്‍മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. 90 പശുക്കളും പശുക്കിടാങ്ങളുമുള്ള ഗോശാലയില്‍ പത്ത് ജീവനക്കാരാണുള്ളത്.

പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്‍പനയിലേക്ക് കടക്കുന്നതെന്ന് സ്ഥാപനത്തിന്റെ വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. ഗോമൂത്രം കൂടുതലായി അടങ്ങിയ കാമധേനു ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ അടുത്തമാസത്തോടെ ആമസോണില്‍ ലഭ്യമാകുമെന്ന് സ്ഥാപനത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറഞ്ഞു.

SHARE