മലപ്പുറം പ്രസ്‌ക്ലബില്‍ ആര്‍എസ്എസ് ആക്രമണം; ‘ചന്ദ്രിക’ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

മലപ്പുറം പ്രസ്‌ക്ലബില്‍ ആര്‍.എസ്.എസ് ആക്രമണം. ‘ചന്ദ്രിക’ ഫോട്ടോഗ്രാഫര്‍ ഫുഹാദിന് പരിക്കേറ്റു.

ഫുഹാദിനെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫുഹാദിനെ മര്‍ദിച്ചത്.

ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി.

രാവിലെ 11.30ഓടെ പ്രസ് ക്ലബിനു സമീപത്താണ് സംഭവം.
മഞ്ചേരി റോഡില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക് വന്ന ആര്‍എസ്എസ് പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ ഫവാസ് പ്രകടനക്കാര്‍ക്ക് സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച് തള്ളുകയും മര്‍ദിക്കുകയും ചെയ്തു.
ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുവാദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും പേര്‍ പാഞ്ഞടുത്ത് ചവിട്ടുകയും മൊബൈല്‍ പിടിച്ചു വാങ്ങി പോവുകയായിരുന്നു. കോട്ടപ്പടിയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് പ്രകടനത്തോടൊപ്പം ഉണ്ടായിരുന്നത്.

Watch Video: 

SHARE