ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സംഘ്പരിവാര്‍ ആക്രമണം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ് പ്രദേശത്ത് നടക്കുന്നത്. ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ വടിവാളുകളുമായാണ് അക്രമികള്‍ പ്രതിഷേധക്കാരെ നേരിടുന്നത്. പൊലീസ് നിഷ്‌ക്രയത്വം തുടരുകയാണ്. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം.
ജാഫര്‍ബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്നും സംഘര്‍ഷമുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതലാണ് ഷാബിന്‍ബാഗിന് സമാനമായ പ്രതിഷേധം ജഫ്രാബാദില്‍ ആരംഭിച്ചത്. ഇതോടെ അവിടുത്തെ മെട്രോസ്‌റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.
ബി.ജെ.പി നേതാവായ കപില്‍ മിശ്ര ഇന്നലെ ഇതേ സ്ഥലത്ത് സി.എ.എ അനുകൂല റാലി ആരംഭിച്ചതാണ് ഇന്നലത്തെ സംഘര്‍ഷത്തിന് കാരണം. ഷാഹീന്‍ബാഗ് പ്രതിഷേധക്കാരെ നേരത്തെ മിനിപാകിസ്താനികള്‍ എന്ന് വിളിച്ചതില്‍ കപില്‍ മിശ്ര വിവാദമായിരുന്നു. പിന്നാലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്നും കപില്‍ മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.