വിദ്യാഭ്യാസ നയമാകുന്ന സംഘ്പരിവാര്‍ ആവശ്യങ്ങള്‍

പി.വി അഹമ്മദ് ഷെരീഫ്‌
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അംഗീകരിക്കപ്പെട്ടവയില്‍ ഏറെയും സംഘ്പരിവാര്‍ സംഘടനകളുടെ ദീര്‍ഘനാളായുള്ള ആവശ്യങ്ങള്‍. തങ്ങളുടെ അടുത്ത നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതായിരിക്കും പുതിയ നയങ്ങളും അതിന്റെ ഭാഗമായി വരുന്ന മാറ്റങ്ങളുമെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ കരുതുന്നത്.
ഇതിനോടകം തന്നെ പുതിയ നയത്തെ സ്വാഗതം ചെയ്തു സംഘ്പരവാര്‍ രംഗത്തെത്തിക്കഴിഞ്ഞു. തങ്ങളുടെ ആവശ്യങ്ങളുടെ 60 ശതമാനവും അംഗീകരിക്കപ്പെട്ടെന്നാണ് അവരുടെ അഭിപ്രായം. നിലവിലെ കരിക്കുലം മാറ്റിത്തീര്‍ക്കുക എന്നതാണ് പരിവാര്‍ സംഘടനകളുടെ അടുത്ത ലക്ഷ്യം. അതിന് ഇപ്പോഴത്തെ പ്രഖ്യാപനങ്ങളുടെ നടപ്പാക്കല്‍ പ്രധാനമാണ്. ആര്‍എസ്എസ് 2016ല്‍ സംഘടിപ്പിച്ച ഭാരത് ബോധ് എന്ന കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധത്തി ല്‍ ഊന്നിപ്പറഞ്ഞ ആശയമാണ് എച്ച്ആര്‍ഡി മന്ത്രാലയത്തെ വിദ്യാഭ്യാസമന്ത്രാലയം എന്ന് പേര് മാറ്റണമെന്നതും അതിന്റെ സ്വഭാവങ്ങളില്‍ അനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്നതും.
ഈ ആശയം വളരെക്കാലമായി ആര്‍എസ്എസ്സിനുള്ളിലുള്ളതാണ്. മനുഷ്യരെ ‘വിഭവം’ ആയി കാണുന്നത് ശരിയായ രീതിയല്ലെന്ന കാഴ്ചപ്പാട് അവര്‍ മുമ്പോട്ടു വെച്ചു. അതെസമയം ആര്‍എസ്എസ് ഇക്കാര്യത്തില്‍ മുമ്പോട്ടു വെച്ച ആശയം പൂര്‍ണമായും നടപ്പാക്കിയിട്ടില്ല സര്‍ക്കാര്‍ ഇപ്പോള്‍. സാംസ്‌കാരികമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ഒന്നാക്കണമെന്നതായിരുന്നു ആര്‍എസ്എസ്സിന്റെ മറ്റൊരു ആവശ്യം. ഇത് നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ 60 ശതമാനവും അംഗീകരിക്കപ്പെട്ടെന്നാണ് ആര്‍എസ്എസ് പറയുന്നത്. രാഷ്ട്രീയ ശിക്ഷാ ആയോഗിന്റെ രൂപീകരണം, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ രൂപീകരണം തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു. അഞ്ചാംതരം വരെ മാതൃഭാഷയില്‍ വേണം പഠനമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടതാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു നേട്ടം.
കഴിഞ്ഞദിവസമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കാബിനറ്റ് അംഗീകാരം ലഭിച്ചത്. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ നയം നടപ്പാക്കിയത്. 1986-ലാണ് ഇതിനുമുന്‍പ് വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ 1992-ലായിരുന്നു ഒടുവില്‍ മാറ്റംവരുത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം. മൂന്ന് വയസ്സുമുതല്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാന്‍ സമിതി നിര്‍ദ്ദേശം നല്‍കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കുന്ന അവസരത്തില്‍ ആര്‍ എസ് എസുമായി ബന്ധമുള്ള അനവധി പേര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു.
ആര്‍ എസ് എസ് ഭാരവാഹികളും ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും സര്‍ക്കാരിന്റെ പ്രതിനിധികളും ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ കമ്മിറ്റി ചെയര്‍മാനായ കെ കസ്തൂരിരംഗനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം ആര്‍ എസ് എസിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ ചിലതിനോട് സര്‍ക്കാര്‍ കൈയകലം പാലിച്ചിട്ടുണ്ട്. ഉദാഹരണമായി, മൂന്ന് ഭാഷാ ഫോര്‍മുലയോടുള്ള പുതിയ വിദ്യാഭ്യാസ നയത്തിന്റെ നിലപാട്. വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നുള്ള തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്.
നേരത്തെ, കസ്തൂരിരംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപത്തില്‍ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക ഭാഷയ്ക്കൊപ്പം ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്ന് പറഞ്ഞിരുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം മറ്റേതെങ്കിലും പ്രാദേശിക ഭാഷ കൂടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നിരുന്നാലും, കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അയവ് നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ മേല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് നയം പറയുന്നു.
സംസ്ഥാനങ്ങളുടേയും പ്രദേശങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും വിദ്യാര്‍ത്ഥികളുടയേും തീരുമാന പ്രകാരം മൂന്ന് ഭാഷകള്‍ പഠിക്കണമെന്നും മൂന്നില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷ ആയിരിക്കുമെന്നും നയം പറയുന്നു. അതേ സമയം സംസ്‌കൃതം സ്‌കൂളിലും ഉന്നത വിദ്യഭ്യാസ മേഖലയിലും ഒരു പ്രധാന ഭാഷയായി മാറ്റാനുള്ള ഹിഡന്‍ അജണ്ടയും ഇതിലുണ്ട്. ഉര്‍ദു, അറബിക് പോലുള്ള ഭാഷകളുടെ ഭാവി സംബന്ധിച്ച് ചോദ്യവും ഉയരുന്നുണ്ട്. അതേ സമയം നിലവിലെ വിദ്യാഭ്യാസ രീതി യാതൊരു നീതീകരണവുമില്ലാതെ അട്ടിമറിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വം സൃഷ്ടിക്കുകയാണെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഭരണഘടന അനുശാസിക്കുന്ന ആനുകൂല്യങ്ങളും മാനുഷിക മൂല്യബോധനവും നശിപ്പിക്കുന്നതോടൊപ്പം തൊഴില്‍ രഹിതരുടെ നീണ്ട നിരകൂടി സൃഷ്ടിക്കപ്പെടും. വിദ്യാഭ്യാസം കൊണ്ട് മനുഷ്യ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനു പകരം സര്‍ഗാത്മകമായ കലാലയ ജീവിതത്തെ പ്രശ്‌നവല്‍കരിക്കുകയാണ്.
ഇപ്പോള്‍ പഠിക്കുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളുടെയും എം.ഫില്‍, ഗവേഷണ വിദ്യാര്‍ഥികളുടെയും ഭാവി അവതാളത്തിലാക്കിക്കൊണ്ട് രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്നതിനു മാത്രമേ ഈ വിദ്യാഭ്യാസ പരിഷ്‌കാരം കൊണ്ടു കഴിയൂവെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങള്‍ പാടെ തമസ്‌കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നത്. നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നിലപാടുകളില്‍ മതനിരപേക്ഷത തുടങ്ങിയവ ഒഴിവാക്കിയത് വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീയ വല്‍ക്കരണത്തിനാണ് എന്ന് ന്യായമായും സംശയിക്കാം. വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഫെഡറല്‍ സ്വഭാവത്തെ അത് അട്ടിമറിക്കുന്നു എന്നതാണ്.
ഈ രേഖ തയ്യാറാക്കപ്പെടുന്നതിനു മുന്‍പ് നിശ്ചയമായും നടത്തേണ്ടിയിരുന്ന വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെ കുറിച്ചും സവിശേഷതകളെക്കുറിച്ചുമുള്ള പഠനവും പരിശോധനയും നടത്തപ്പെട്ടിരുന്നില്ല. അതീവ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു നയം രാജ്യത്താകെ നടപ്പിലാക്കുകയെന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടതിന്റെ മുഖ്യകാരണം ഒരോ സംസ്ഥാനത്തിന്റെയും തനതും സവിശേഷവുമായ പ്രത്യേകതകളെ കൂടി പരിഗണിച്ച് വേണം വിദ്യാഭ്യാസം കൈകാര്യം ചെയ്യപ്പെടേണ്ടത് എന്നതാണ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മില്‍ സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായുമെല്ലാമുള്ള വൈജാത്യങ്ങള്‍ ഓരോ സമൂഹത്തിനും ആവശ്യമായ വിദ്യാഭ്യാസ ക്രമം എങ്ങനെയായിരിക്കണമെന്നതിനെയും വ്യത്യസ്തമാക്കുന്നു. ഇത് ഒരോ സംസ്ഥാനങ്ങളിലും വീണ്ടും വ്യതിരിക്തമാകാം. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലുമെല്ലാം ഈ ഏറ്റക്കുറച്ചിലുകള്‍ കാണാം.
അതിനെ കൂടി സഹായിക്കാനുതകും വിധം നയസമീപനങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പകരം ഏകീകൃതമായ ഒരു സംവിധാനത്തിലേക്ക് വിദ്യാഭ്യാസത്തെയാകെ കൊണ്ടുപോകുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ ഉതകൂ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജാതി വിവേചനത്തെയും വിവേചനപരമായ അന്തരീക്ഷത്തെയും ഇല്ലാണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ കരട് തുടക്കം കുറിക്കുന്നില്ല.
അത്തരത്തില്‍ ആഴത്തിലുള്ള ഒരു പരിശോധനയും നയത്തില്‍ കാണാനാകില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്കുള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണാധികാരം നല്‍കാനും നിര്‍ദ്ദേശമുണ്ട്. ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന, സാമൂഹ്യനീതി പാലിക്കാന്‍ ബാധ്യതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമൂഹിക ഉന്നമനത്തിന്റെ മൂല്യത്തെയും കടമയെയും വഹിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുല്ല്യമായ പരിഗണന നല്‍കപ്പെടുമെന്ന്. വിദേശ രാജ്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് അവസരം ഒരുക്കുന്നത് വരെയുള്ള കാര്യങ്ങളിലേക്ക് ഇത് നീളും. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുന്നതോടെ ഗവേഷണ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഗവേഷണത്തിനായി കൂടുതല്‍ പണം മാറ്റിവെക്കണമെന്ന കാഴ്ചപ്പാട് സ്വാഗതാര്‍ഹം തന്നെ. പക്ഷെ രാജ്യത്തെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെ എങ്ങനെയാണ് മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്നത് അത്ര ശുഭകരമല്ല.
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരിക്കും. ഇതാണെങ്കില്‍ അക്കാദമിക് സ്വഭാവം വളരെ കുറച്ച് മാത്രമുള്ള ഒരു ഗവേണിങ് ബോഡി എന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഗവേഷണത്തിന് ഫണ്ട് നല്‍കുക എന്നത് മാത്രമല്ല ദേശീയ താല്പര്യമുള്ള വിഷയങ്ങളില്‍ ഗവേഷണം നടക്കുന്നുവെന്ന് ഉറപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ നടത്തുമെന്ന് പ്രസ്താവിക്കപ്പെട്ടുകഴിഞ്ഞു. ‘ദേശീയ താല്‍പര്യം’ എന്ന ലേബലില്‍ ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ ഗവേഷണ മേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള ശ്രമമാണിതെന്ന് ന്യാമായും സംശയിക്കാം. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന് വേഗത കൂട്ടാന്‍ പുതിയ വിദ്യാഭ്യാസ നയം കാരണമാകുമെന്ന വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

SHARE