‘പൗരത്വനിയമത്തെക്കുറിച്ച് മിണ്ടരുത്’;ബി.ജെ.പിക്ക് താക്കീതുമായി ആര്‍.എസ്.എസ്

ഡല്‍ഹി തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്ക് താക്കീതുമായി ആര്‍.എസ്.എസ് രംഗത്ത്. സി.എ.എ പാര്‍ലമെന്റില്‍ പാസാക്കിയതോടെ അത് കഴിഞ്ഞെന്നും അത് ഇനി ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നുമാണ് ബി.ജെ.പിക്ക് ആര്‍.എസ്.എസ് നല്‍കുന്ന താക്കീത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ ഡല്‍ഹിയില്‍ പ്രചരണം നടത്താനെത്തിയിട്ടും തകര്‍ന്നടിഞ്ഞതിന്റെ ഭാഗമായാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം.

പരാജയത്തിനെ ചൊല്ലി ബിജെപിക്കുള്ളില്‍ അതൃപ്തി ശക്തമായിരിക്കുകയാണ്. അതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കാന്‍ നേതാവുണ്ടായിരുന്നില്ലെന്നതും താഴെതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പ്രാദേശിക നേതാക്കളുടെ അഭാവവുമെല്ലാം ബിജെപിക്ക് തിരിച്ചടിയായെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 21 വര്‍ഷമായി ഡല്‍ഹിയില്‍ ബിജെപി പ്രചരണം നടത്തുന്നത് ഒരേ ഫോര്‍മുലയെ ചുറ്റിപറ്റിയാണ്. വിശ്വസ്തനും ശക്തനുമായ ഒരു സംസ്ഥാന നേതാവിനെ ദില്ലിയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്ക് ഇല്ല, ആര്‍എസ്എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജീവ് തുളി പറഞ്ഞു.വര്‍ഗീയ പ്രസംഗങ്ങള്‍ നടത്താതെ വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാതിരുന്നതാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് മുമ്പ് തന്നെ ബി.ജെ.പി നേതൃത്വം കണ്ടെത്തിയിരുന്നു.

SHARE