ആധാര്‍ ചലഞ്ച് നടത്തി നാണംകെട്ട ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മക്ക് കാലാവധി നീട്ടിനല്‍കി

ന്യൂഡല്‍ഹി: ആധാര്‍ ചലഞ്ച് നടത്തി ഹാക്കര്‍മാര്‍ക്ക് മുന്നില്‍ നാണംകെട്ട ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കി. ഈ ആഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കിയത്. 2020 സെപ്റ്റംബര്‍ വരെ ശര്‍മ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ശര്‍മ തുടരും.

അടുത്തിടെ ട്വിറ്ററില്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാണ് ശര്‍മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. ഈ നമ്പര്‍ ഉപയോഗിച്ച് തനിക്ക് ദോഷം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനായിരുന്നു ശര്‍മയുടെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ ശര്‍മയുടെ മൊബൈല്‍ നമ്പര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തി ട്വിറ്ററില്‍ പരസ്യപ്പെടുത്തി.

ഇതേതുടര്‍ന്ന് ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ആധാര്‍ അതോറിറ്റിക്ക് ഉത്തരവിറക്കേണ്ടിവന്നു. എന്നാലും വീഴ്ച അംഗീകരിക്കാന്‍ ആധാര്‍ അതോറിറ്റി തയ്യാറായിരുന്നില്ല. ശര്‍മയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ആധാര്‍ നമ്പര്‍ ഉപയോഗിച്ചല്ലെന്നാണ് അതോറിറ്റിയുടെ വാദം.

SHARE