‘ഗാല്‍വന്‍ താഴ്‌വര ഞങ്ങളുടേത്, മോദിയുടെ പ്രസ്താവന ഉപയോഗിച്ച് ചൈന; പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ബെയ്ജിങ്: ഗാല്‍വന്‍ താഴ്വരെ സംബന്ധിച്ച ചൈനയുടെ അവകാശവാദത്തിന് ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗാല്‍വന്‍ താഴ്വര തങ്ങളുടേതാണെന്നും വര്‍ഷങ്ങളോളം ചൈനീസ് സൈന്യം മേഖലയില്‍ പട്രോളിങ് നടത്തിയിരുന്നുവെന്നുമാണ് ചൈനയുടെ വാദം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും നേര്‍ക്കു നേര്‍ തുടരുന്നതിനിടെയാണ് ഗാല്‍വന്‍ താഴ്വരയില്‍ അവകാശവാദമുയര്‍ത്തി ചൈന രംഗത്തെത്തുന്നത്.

അതേസമയം, ഇന്ത്യയുടെ പ്രദേശത്തേക്ക് ആരും കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ സര്‍വ്വകക്ഷിയോഗത്തിലെ പ്രസ്ഥാവന വിവര്‍ത്തനം ചെയ്ത് ചൈനീസ് അധികൃതര്‍. ലഡാഖ് സംഘര്‍ഷം സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായിരിക്കെയാണ് ചൈനീസ് ഉദ്യോഗസ്ഥരടക്കം പലരും ചൈനയെ ന്യായീകരിച്ച് പ്രധാനമന്ത്രി മോദിയുടെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവിടുന്നത്.

തിങ്കളാഴ്ച രാത്രിയില്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ പിടിയിലായിരുന്ന 10 സൈനികരെ ചൊവ്വാഴ്ച മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ഇ​ന്ത്യ​ന്‍- ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച്ച വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യിലാണ് ഇന്ത്യന്‍ ഭൂമിയില്‍ ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന് മോദിയുടെ പരാമര്‍ശം വന്നത്.

ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കടന്നുകയറിയില്ലെങ്കില്‍ പിന്നെ ഇന്ത്യന്‍ സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര് ഉന്നയിച്ചിരുന്നു. സൈന്യത്തെ മോദി കുറ്റപ്പെടുത്തി എന്നുകാണിച്ച് നിരവധി റിട്ടഴേര്‍ഡ് സൈനികരും രംഗത്തെത്തയിരുന്നു. സംഭവത്തില്‍ വിശദീകരണം വേണം എന്നുകാണിച്ച് മൂന്ന് ചോദ്യങ്ങളുമായി സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. നിയന്ത്രണരേഖയ്ക്ക് ഇപ്പുറം നിര്‍മാണ പ്രവര്‍ത്തനം നടത്താനായിരുന്നു ചൈനീസ് സൈന്യത്തിന്റെ ശ്രമമെന്നും ഇതിനായി വലിയൊരു സംഘം അതിര്‍ത്തിയിലേക്ക് വന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ഇന്ത്യന്‍ സൈന്യം ഈ കടന്നുകയറ്റം വിജയകരമായി പരാജയപ്പെടുത്തി എന്നാണ് മോദി ഉദ്ദേശിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. നിയന്ത്രണരേഖ ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമം അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.