ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ക്കായി 20 കോടി അനുവദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: കോറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നിതിനിടെ ആവശ്യസാധനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവ നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും എസ്ഡിഎമ്മുകള്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 20 കോടി രൂപയും അനുവദിച്ചത്.

അതിനിടെ, രാജസ്ഥാനിലെ ഭില്‍വാര, ജുഞ്ജുനു എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ജാര്‍ഖണ്ഡ്, ബിഹാര്‍, ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ 31 വരെ അടച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമുണ്ടായി.

കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. നിലവില്‍ കാസര്‍കോട്ടും കോഴിക്കോട്ടും കളക്ടര്‍മാര്‍ ക്രിമിനല്‍ പ്രൊസീജ്വര്‍ നിയമത്തിലെ 144 സെക്ഷന്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദേശം കാസര്‍കോട് ജില്ലയില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇനിയുള്ള നിയന്ത്രണം സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.

അതേസമയം, കൊറോണ വൈറസ് വ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലാക്കല്‍ഡണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 188 പ്രകാരം കേസെടുക്കുമെന്ന് ഗാസിയാബാദ് സീനിയര്‍ പോലീസ് സൂപ്രണ്ട് ഉത്തരവിറക്കി ഇറക്കി.

ഇന്നലെ, ജനതാ കര്‍ഫ്യൂവിനുപിന്നാലെ, കൊറോണ വൈറസ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പ്രമുഖ 80 നഗരങ്ങളടങ്ങുന്ന 75 ജില്ലകള്‍ അടച്ചിടാനാണ് നിര്‍ദ്ദേശം. മെട്രോ, സബര്‍ബന്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രാതീവണ്ടികളും അന്തഃസംസ്ഥാന ബസ് സര്‍വീസുകളുംഈ മാസം 31 വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ ഉന്നതതല യോഗത്തിലാണ് കൊറോണ സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്നത് അതത് സംസ്ഥാനങ്ങള്‍ തീരുമാനിക്കാമെന്നുമായിരുന്നു നിര്‍ദേശം.