റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350 ജൂണ്‍ അവസാനത്തോടെ വിപണിയിലെത്തും

ഇന്ത്യന്‍ നിരത്തുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുനല്‍കിയിട്ടുള്ള ഏറ്റവും പുതിയ മോഡലായ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ ജൂണ്‍ അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ അവതരിപ്പിക്കാനൊരുങ്ങിയ ഈ ബൈക്ക് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ജൂണ്‍ അവസാന വാരത്തിലേക്ക് മാറ്റിയതെന്നാണ് സൂചന.

കൂടുതല്‍ സൗകര്യങ്ങളും നവീന യാത്രാനുഭവവും നല്‍കുന്ന പുതിയ 350 സിസി ബൈക്കായിരിക്കും ഇനി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് നിരത്തിലെത്തുക. ഇത് ജൂണ്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും റോയല്‍ എന്‍ഫീല്‍ഡ് സി.ഇ.ഒ വിനോദ് ദസാരി അറിയിച്ചു.
റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍. ബിഎസ് 6 എന്‍ജിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ഇതിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്. സുഖയാത്ര ഒരുക്കുന്നതിനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കുമെന്നാണ് വിവരം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350 ഫയര്‍ബോളിലും നല്‍കുക.

SHARE