ടിവിയും, കിടക്കയും കൊതുകുവലയും’; ജയിലില്‍ ലാലുവിന് വി.ഐ.പി പരിഗണന

പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ വിഐവി പരിഗണന. സെല്ലില്‍ ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. ഭക്ഷണകാര്യത്തിലും പ്രത്ര്യക പരിഗണനയുണ്ട്. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ജയിലില്‍ പ്രത്യക ചികിത്സാസൗകര്യവും നല്‍കും. 2013ല്‍ 77 ദിവസം കഴിഞ്ഞ അതേ ജയില്‍ സെല്ലാണ് ലാലുവിന് അനുവദിച്ചിരിക്കുന്നത്. 2014ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്ന കാരണം കാണിച്ചാണ് ജയിലില്‍ പ്രത്യക സൗകര്യങ്ങള്‍ അനുവദിക്കുന്നത്. മറ്റ് തടവുകാര്‍ക്ക് ലാലുവിനെ കാണാനുളള അനുമതിയില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. കോടതി വിധി വന്നശേഷം ജയിലിലേക്ക് കൊണ്ടുപോയ ലാലുവിനെ അനുഗമിച്ച് കൊണ്ട് ആര്‍.ജെ.ഡി നേതാക്കള്‍ മറ്റൊരു വാഹനത്തില്‍ ജയില്‍ കവാടം വരെ പോയിരുന്നു. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതിനാണ് കഴിഞ്ഞ ദിവസം വിധി വന്നത്.

1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ദിയോഹര്‍ ട്രഷറിയില്‍നിന്നു 89 ലക്ഷം രൂപ പിന്‍വലിച്ചെന്നാണു കേസ്. മുന്‍മുഖ്യ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറു പേരെ കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ പ്രത്യേക കോടതി വെറുവിട്ടു. കേസില്‍ 16 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.