റോസ് ടെയ്‌ലര്‍ 181 നോട്ടൗട്ട് : വിജയം വരിച്ച് കിവികള്‍

ഡുനഡിന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്‌ലറുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കിവീസിന് അഞ്ചു വിക്കറ്റിന്റെ വിജയം. 181 റണ്‍സ് നേടി അപരാജിതനായി നിന്ന റോസ് ടെയ്‌ലറിന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 335 റണ്‍സിനെ മൂന്ന് പന്തുകള്‍ ശേഷിക്കെ ന്യൂസിലാണ്ട് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു.

റോസ് ടെയ്‌ലറിനു പുറമേ ടോം ലഥാം(71), കെയിന്‍ വില്യംസണ്‍(45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് കിവികള്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 147 പന്തില്‍ നിന്ന് 181 റണ്‍സ് നേടിയ ടെയ്‌ലര്‍ തന്റെ ഇന്നിംഗ്‌സില്‍ 17 ബൗണ്ടറിയും ആറ് പടുകൂറ്റന്‍ സിക്‌സുമാണ് നേടിയത്. ഹെന്റി നിക്കോളസ് 13 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബെയര്‍ സ്‌റ്റോ(138) ജോ റൂട്ട്(102) എന്നിവരുടെ സെഞ്ച്വറി മികവില്‍ 9 വിക്കറ്റിന് 335 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു. ജേസണ്‍ റോയ് 42 റണ്‍സ് നേടി. കിവീസിനായി ഇഷ് സോധി നാലും, ട്രെന്റ് ബൗള്‍ട്ട്, കോളിന്‍ മണ്‍റോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.