മാണി പരാമര്‍ശത്തില്‍ മുരളീധരന്‍ വെട്ടില്‍; മറുപടിയുമായി കേരളകോണ്‍ഗ്രസ് രംഗത്ത്

കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ബി.ജെ.പി കോര്‍കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുരളീധരന് മറുപടിയുമായി കേരളകോണ്‍ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.

ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ട. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് മുരളീധരന്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള വര്‍ഗ്ഗീയവാദികളാണ് ജനങ്ങളെ ബി.ജെ.പിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്നും റോഷ് അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.

ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. മുരളീധരനെതിരെ ശ്രീധരന്‍പിള്ളയാണ് കോര്‍കമ്മിറ്റിയില്‍ പരാതി നല്‍കിയത്. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്‍കമ്മിറ്റിയില്‍ മുരളീധരനെതിരെ വിമര്‍ശനം രൂക്ഷമായത്. മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് കുമ്മനം രാജേശഖന്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ പി.എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തുടര്‍ന്നാണ് മുരളീധരനെതിരെ കേരളകോണ്‍ഗ്രസ്സും ര്ംഗത്തെത്തുന്നത്.