നര്‍മത്തിന്റെ പൂക്കളുമായി ‘റോസാപ്പൂ’ നാളെ തിയേറ്ററുകളില്‍

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം ‘റോസാപ്പൂ’ നാളെ തിയേറ്ററുകളില്‍. റിയലിസ്റ്റിക് കോമഡികളുമായി ഫണ്‍ ഡ്രാമ ഗണത്തിലെത്തുന്ന ചിത്രം സംവിധായകന്‍ വിനു ജോസഫിന്റെ തിരിച്ചുവരവു കൂടിയാണ്. നീരജ് മാധവ്, സൗബിന്‍ സാഹിര്‍, അലന്‍സിയര്‍, സലിം കുമാര്‍, ദിലീഷ് പോത്തന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് റോസാപ്പൂവില്‍.

അഞ്ജലിയാണ് പ്രധാന വനിതാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങളില്‍ നൂറിലധികം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

2001-ല്‍ ആരംഭിച്ച് 2017-ല്‍ അവസാനിക്കുന്നതാണ് സിനിമയുടെ കഥ. സിനിമ, എറണാകുളം, കൊടൈക്കനാല്‍, ചെന്നൈ എന്നിവിടങ്ങളിലായി 65-ഓളം ദിവസങ്ങളെടുത്താണ് ചിത്രീകരിച്ചത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ ചിത്രീകരിക്കുക എന്നതായിരുന്നു ചിത്രീകരണ ഘട്ടത്തിലെ വലിയ വെല്ലുവിളിയെന്നും എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും സിനിമയെന്നും സംവിധായകന്‍ വിനു ജോസഫ് പറയുന്നു. തമിഴില്‍ ഇരുമുഗന്‍, പുലി, സാമി 2 തുടങ്ങിയ വലിയ ചിത്രങ്ങളുടെ നിര്‍മാതാവായ ഷിബു തമീന്‍സ് ആണ് ‘റോസാപ്പൂ’ നിര്‍മിക്കുന്നത്.