ക്രിസ്റ്റിയാനോ ആയിരുന്നെങ്കില്‍ സ്‌പെയ്‌നെതിരെ കളിക്കുമായിരുന്നു: മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസതാരം രംഗത്ത്

ലോകകപ്പിനു മുന്നോടിയായിള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ഹ്യൂഗോ ഗട്ടി. മെസ്സിക്കു പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നെങ്കില്‍ സ്‌പെയ്‌നെതിരെ പരിക്ക് വകവെക്കാതെ കളിക്കുമെന്നായിരുന്നാണ് ഗട്ടി അഭിപ്രായപ്പെട്ടത്.

അര്‍ജന്റീനയുടെ കഴിഞ്ഞ രണ്ടു രാജ്യാന്തര മത്സരങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് നായകന്‍ ലയണല്‍ മെസ്സിക്ക് കളിക്കാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഇറ്റലിയോട് എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചിരുന്നെങ്കിലും സ്‌പെയ്‌നെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു അര്‍ജന്റീന. ഡീഗോ കോസ്റ്റയിലൂടെ മുന്നിലെത്തിയ സ്‌പെയ്ന്‍ ഇസ്‌കോയുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തുരത്തുകയായിരുന്നു മുന്‍ലോകകപ്പ് ജേതാക്കളെ. മാഞ്ചസ്റ്റര്‍ സിറ്റി താരം ഒറ്റമെന്‍ഡിയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍. കളി ഗ്യാലറിയില്‍ നിന്നും വീക്ഷിച്ച മെസ്സി ആറാമത്തെ ഗോളും വഴങ്ങിയതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ നിസ്സാര പരിക്കിനെ തുടര്‍ന്ന് മെസ്സി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത് മുന്‍ ദേശീയ ഗോള്‍കീപ്പറെ ചൊടിപ്പിച്ചു. ദേശീയ ടീമിനായി ചെറിയ പരിക്ക് വകവെക്കാതെ മെസ്സി കളിക്കണമായിരുന്നു. ചെറിയ പരിക്കു പറഞ്ഞ് ക്രിസ്റ്റ്യാനോ രാജ്യത്തിനായി ഇതുവരെ കളിക്കാതെയിരുന്നിട്ടില്ല. മെസ്സിക്കു പകരം ക്രിസ്റ്റ്യനോ ആയിരുന്നെങ്കില്‍ സ്‌പെയ്‌നെതിരെ കളിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തിനായി മെസ്സി കളിക്കണമായിരുന്നു, ഗട്ടി പറഞ്ഞു. മെസ്സി മാത്രമല്ല അര്‍ജന്റീന ടീമെന്നും. ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഒരു ടീം കെട്ടിപടുക്കുന്ന രീതിയില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ഹ്യൂഗോ ഗട്ടി. ഗോള്‍ കീപ്പിങിലെ അദ്ദേഹത്തിന്റെ മികവു കണ്ട് ഫുട്‌ബോള്‍ പണ്ഡിറ്റ്‌സുകളും ആരാധകരും നല്‍കിയ പോരാണ് എല്‍ ലോക്കോ (ദി മാഡ്മാന്‍). അര്‍ജന്റീനയുടെ ദേശീയവല 52 തവണ കാത്തിട്ടുണ്ട് ഗട്ടി.