ഗോളടിച്ചും അവസരങ്ങളൊരുക്കിയും ജയിലിലും താരമായി റൊണാള്‍ഡീഞ്ഞോ

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പാരഗ്വായില്‍ ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ സഹതടവുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തടവുകാര്‍ക്കായി ജയിലില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിലാണ് ലോകകപ്പ് ജേതാവു കൂടിയായ റൊണാള്‍ഡീഞ്ഞോയും പന്തു തട്ടാനിറങ്ങിയത്. സ്വന്തം ടീം നേടിയ 11 ഗോളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അഞ്ചു ഗോള്‍ സ്വന്തം പേരിലാക്കിയ റൊണാള്‍ഡീഞ്ഞോ, ആറു ഗോളുകള്‍ക്ക് വഴിയുമൊരുക്കി. റൊണാള്‍ഡീഞ്ഞോയുടെ ടീം രണ്ടിനെതിരെ 11 ഗോളുകള്‍ക്ക് മത്സരം വിജയിച്ചു.

വ്യാജ പാസ്‌പോര്‍ട്ടുമായി പാരഗ്വായില്‍ പ്രവേശിച്ചതിന് തലസ്ഥാന നഗരമായ അസുന്‍സ്യോനിലെ ഹോട്ടലില്‍വച്ച് ഈ മാസം അഞ്ചിനാണ് പാരഗ്വായ് പൊലീസ് റൊണാള്‍ഡീഞ്ഞോയെ അറസ്റ്റ് ചെയ്തത്. സഹോദരനും ബിസിനസ് മാനേജരുമായ റോബര്‍ട്ടോ ഡി അസീസ്, ബ്രസീലിലെ മറ്റൊരു വ്യവസായി എന്നിവരും റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം, റൊണാള്‍ഡീഞ്ഞോയുടെ മോചനത്തിനായി ബാര്‍സിലോനയിലെ സഹതാരം കൂടിയായിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.

2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ റൊണാള്‍ഡീഞ്ഞോ 2005 ല്‍ ബാലന്‍ ദിയോര്‍ പുരസ്‌ക്കാരം നേടിയിരുന്നു.

SHARE