റെണാള്‍ഡീഞ്ഞോ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത് 363 പേരെ; ഒരാള്‍ വേങ്ങരക്കാരന്‍!

മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം റെണാള്‍ഡീഞ്ഞോയെ പ്രത്യേകിച്ച് ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്‍സ്റ്റഗ്രാമില്‍ 5.14 കോടി ഫുട്‌ബോള്‍ ആരാധകരാണ് റൊണാള്‍ഡീഞ്ഞോയെ ഫോളോ ചെയ്യുന്നത്. എന്നാല്‍ റൊണാള്‍ഡീഞ്ഞോ തിരിച്ചു ഫോളോ ചെയ്യുന്നതാകട്ടെ 363 പേരെയും. അതിലൊരാളാണു വേങ്ങര ചെങ്ങാനി സ്വദേശിയായ പി.ടി.വിവേക്.

പി.ടി.വിവേക് ആരാധന മൂത്ത് വരച്ച ചിത്രം റൊണാള്‍ഡീഞ്ഞോയുടെ നെഞ്ചിലായിരുന്നു പതിഞ്ഞത്. അന്നുമുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ആ ചിത്രകാരനെ ഫോളോ ചെയ്യുകയാണു ബ്രസീലിന്റെ മുന്‍ ലോക താരം.
റൊണാള്‍ഡീഞ്ഞായുടെ കടുത്ത ആരാധനായ വിവേക്, താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിലൊന്നു കുട്ടിക്കാലത്തെ ചിത്രമാണ്. ഈ ചിത്രങ്ങള്‍ക്കു കമന്റ് ബോക്‌സില്‍ നന്ദി അറിയിച്ചതിനു പിന്നാലെയാണു റൊണാള്‍ഡീഞ്ഞോ വിവേകിനെ ഫോളോ ചെയ്യാന്‍ ആരംഭിച്ചത്. മഞ്ചേരി ഇകെസി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണു വിവേക്.

SHARE