കോവിഡ് 19 ലോകം ആശങ്കയില്‍; രോഗം പടരുന്നതില്‍ ദുരൂഹത

വാഷിങ്ങ്ടണ്‍: കൊറോണയുള്ള രാജ്യം സന്ദര്‍ശിക്കുകയോ രോഗമുള്ള വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാതെ തന്നെ മൂന്ന് പേരില്‍ നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ലോകത്തെ ആശങ്കയിലാാഴ്ത്തുന്നു. വാഷിങ്ടണലും ഒാറിഗോണിലും കാലിഫോര്‍ണിയയിലും പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികള്‍ക്ക് എങ്ങനെയാണ് കൊറോണ ഉണ്ടായതെന്ന് വ്യക്തമല്ല. കാലിഫോര്‍ണിയയിലെ സാന്റ ക്ലാര കൗണ്ടിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വൃദ്ധ കൊറോണയുള്ള ഒരു രാജ്യത്തേക്കും യാത്ര ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

കൊറോണ വൈറസ് പടരുന്നതിനിടെ അമേരിക്കയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷനാണ് കോവിഡ് 19 മൂലം മരിച്ചത്. മരണത്തെ തുടര്‍ന്ന് വാഷിങ്ങ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിലെ ഇതുവരെ 59 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. വാഷിങ്ടണില്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥയിലും രോഗം സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ത്ഥിയില്‍ എങ്ങനെയാണ് കൊറോണ എത്തിയതെന്നതും ദുരൂഹമാണ്. അമേരിക്കയില്‍ ഇതുവരെ 59 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിലും ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. അതേസമയം കൊറോണ വിരുദ്ധ നടപടികള്‍ യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ട്രംപിന് അഭിപ്രായ ഭിന്നതയുണ്ടെന്നും കൊറോണ വൈറസ് വ്യാപനത്തെ നിസ്സാര മട്ടിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നും ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി.

എന്നാല്‍ രോഗത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ഡെമോക്രാറ്റുകള്‍ ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്ത് 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും പ്രതിരോധനടപടികള്‍ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്‌സികോ അതിര്‍ത്തികള്‍ അടക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് മൂലം ഓസ്‌ട്രേലിയയിലും ഒരാള്‍ മരിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കൊവിഡ് 19 ബാധിച്ച് എഴുപതുകാരനാണ് മരിച്ചത്.
ചൈനയ്ക്ക് പുറമെ, ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകവും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ദക്ഷിണകൊറിയയില്‍ 3526 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 1000ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്.

ഏകദേശം 63 രാജ്യങ്ങളിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 86,992പേരിലാണ് കൊറോണ സാന്നിധ്യം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 2978 ആയി.

ബ്രിട്ടീഷ് പൗരന്‍ ജപ്പാനില്‍ മരിച്ചു
ടോക്കിയോ/ലണ്ടന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് പിടിച്ചിട്ടിരുന്ന ഡയമണ്ട് പിന്‍സസ് ആഡംബര കപ്പലിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്‍ ജപ്പാനിലെ ആശുപത്രിയില്‍ മരിച്ചു. കൊറോണയെത്തുടര്‍ന്ന് മരിക്കുന്ന ആറാമത്തെ കപ്പല്‍ യാത്രക്കാരനാണ് ഇദ്ദേഹം. ഇന്നലെ ഒരാളില്‍ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണം ഇരുപതായി. സമീപ കാലത്ത് വിദേശത്തുനിന്ന് എത്തിയ ഒരു വ്യക്തിയിലൂടെയാണോ രാജ്യത്ത് രോഗം എത്തിയതെന്ന് ബ്രിട്ടന്‍ അന്വേഷിക്കുന്നുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കോബ്ര കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി.
കൊറോണക്കെതിരായ പോരാട്ടത്തിനാണ് സര്‍ക്കാര്‍ പ്രഥമ മുന്‍ഗണന നല്‍കുന്നെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ കോവിഡ്-19 ബാധിച്ച് മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബത്തെ ജോണ്‍സന്‍ അനുശോചനമറിയിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൊറോണ വിരുദ്ധ നടപടികള്‍ അപര്യാപ്തമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കോബ്ര മീറ്റിങ് വിളിച്ചുകൂട്ടാന്‍ വൈകിയതിന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ജോണ്‍സനെ വിമര്‍ശിച്ചു. യോകൊഹാമയില്‍ പിടിച്ചിട്ട കപ്പലിലെ 2711 യാത്രക്കാര്‍ ബ്രിട്ടീഷുകാരാണ്. ഇവരില്‍ 621 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മുപ്പത് പൗരന്മാരെ ബ്രിട്ടന്‍ തിരിച്ചുകൊണ്ടുപോയിരുന്നു.

മുന്നറിയിപ്പുമായി കിം
പ്യോങ്യാങ്: ചൈനയിലും മറ്റ് വിദേശ രാജ്യങ്ങളിലും 2800ലേറെ പേരുടെ മരണത്തിന് കാരമണമായ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളില്‍ എന്തെങ്കിലും പാളിച്ചയുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഉത്തകൊറിയന്‍ ഭരണാധികാരി കിം ജോങ് ഇന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയയില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗവ്യാപനം തടയുന്നതിന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ യോഗത്തില്‍ സംസാരിക്കവെ കൊറോണക്കെതിരെ ജാഗ്രതപാലിക്കണമെന്ന് കിം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി കൊറോണക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പരമാവധി അച്ചടക്കം ആവശ്യമാണ്. നിയന്ത്രണങ്ങളുടെ മതില്‍കെട്ടുകള്‍ ഭേദിച്ച് രാജ്യത്ത് രോഗം എത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് കിം വ്യക്തമാക്കി. അഴിമതി ആരോപിച്ച് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും പാര്‍ട്ടിയുടെ ഒരു യൂണിറ്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. കൊറോണക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഉത്തരകൊറിയ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നൂറുകണക്കിന് വിദേശികളെ നിരീക്ഷണത്തില്‍ വെച്ചിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചു. പരമാവധി വൃത്തി കാത്തുസൂക്ഷിക്കണമെന്ന് ഉച്ചഭാഷിണികളിലൂടെ വിളിച്ചുപറയുന്നുണ്ട്. വിദേശ അംബാസഡര്‍മാരെ താമസ കേന്ദ്രങ്ങളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഉത്തരകൊറിയക്ക് മാനുഷികമായി ഇളവുകള്‍ അനുവദിക്കുമെന്ന് ജര്‍മനിയുടെ യു.എന്‍ അംബാസഡര്‍ പറഞ്ഞു.