നൈജീരിയക്കെതിരായ മത്സരത്തിന്റെ ഇടവേളയില്‍ മെസ്സി സഹകളിക്കാരോട് പറഞ്ഞത്

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകം മുഴുവനുള്ള അര്‍ജന്റീന ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ട അര്‍ജന്റീന-നൈജീരിയ പോരാട്ടത്തിന്റെ ഇടവേളയില്‍ മെസ്സി തന്റെ കളിക്കാരോട് പറഞ്ഞതെന്താണ്? കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ഊര്‍ജ്ജസ്വലനായാണ് മെസ്സി മൈതാനത്ത് കാണപ്പെട്ടത്. കളിയുടെ പതിനാലാം മിനിറ്റില്‍ തകര്‍പ്പന്‍ വലംകാലന്‍ ഷോട്ടിലൂടെ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചെങ്കിലും പെനാല്‍റ്റിയിലൂടെ നൈജീരിയ ഗോള്‍ മടക്കി.

സമനില പോലും ലോകകപ്പില്‍ നിന്ന് പുറത്തേക്ക് വഴികാട്ടുമെന്ന സമ്മര്‍ദ്ദത്തിലാണ് ടീം രണ്ടാം പകുതിയില്‍ കളത്തിലിറങ്ങുന്നത്. ഈ സമയത്താണ് മെസ്സി തന്റെ സഹകളിക്കാര്‍ക്ക് ആ നിര്‍ദേശം നല്‍കിയത്. ആ രഹസ്യമാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയ മാര്‍ക്കോസ് റോഹോ വെളിപ്പെടുത്തുന്നത്. ‘എവിടെ നിന്ന് നിങ്ങള്‍ക്ക് പന്ത് കിട്ടിയാലും നിങ്ങള്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ക്കണം. നിങ്ങളുടെ പൊസിഷന്‍ നോക്കേണ്ടതില്ല ഇതായിരുന്നു മെസ്സി ഞങ്ങളോട് പറഞ്ഞത്. അതുകൊണ്ട് തന്നെ എനിക്ക് നേരെ പന്ത് വന്നപ്പോള്‍ ഞാന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. അത് ഗോളായി-റോഹോ പറഞ്ഞു.

നൈജീരിയക്കെതിരായ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാംസ്ഥാനക്കാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നു. ശനിയാഴ്ച ഫ്രാന്‍സുമായാണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം.

SHARE