ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിം വംശഹത്യയില്‍ പ്രതികരണവുമായി ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍. നിലവില്‍ സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ക്രിക്കറ്റ് താരങ്ങളായ യുവരാജ്‌സിങ്, രോഹിത് ശര്‍മ്മ, വീരേന്ദര്‍ സെവാഗ് എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് കാണുന്ന കാഴ്ച്ചകള്‍ സുഖകരമല്ലെന്നും എത്രയും പെട്ടെന്ന് സമാധാനം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച്ചകള്‍ ഹൃദയഭേദകമാണെന്ന് യുവരാജ് സിങ് പറഞ്ഞു. സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. സാഹചര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്. എല്ലാറ്റിന്റേയും അവസാനം നമ്മളെല്ലാം മനുഷ്യരാണ്. പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത് അപലപനീയമാണെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു. സമാധാനം ഉറപ്പുവരുത്താന്‍ എല്ലാവരും ശാന്തരായിരിക്കണം. ആരെയെങ്കിലും പരിക്കേല്‍പ്പിക്കുന്നതും അക്രമിക്കുന്നതുമെല്ലാം നമ്മുടെ രാജ്യതലസ്ഥാനത്തിന് മോശപ്പേരാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 200ല്‍ കൂടുതല്‍ ആളുകള്‍ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥക്ക് നേരിയ അയവ് വന്നിട്ടുണ്ട്. അതേസമയം മറ്റിടങ്ങളില്‍ നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 106 പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 18 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലും അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിക്കും രാവിലെ എട്ട് മണിക്കുമിടയില്‍ 19 കാളുകളാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് ആസ്ഥാനത്തേക്ക് എത്തിയത്. 100 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.