കോലിയെയും ഭാര്യയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ ; ടീമിലെ പ്രശ്‌നങ്ങള്‍ കളം വിട്ട് പുറത്തേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍.
ഇത് ശരിവെക്കുന്ന രീതിയിലാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചില നടപടികള്‍. ക്യാപ്റ്റന്‍ വിരാട് കോലിയെയും കോലിയുടെ ഭാര്യ അനുഷ്‌കയെയും രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോലിയെ നേരത്തെ തന്നെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു.

രോഹിത് അണ്‍ഫോളോ ചെയ്‌തെങ്കിലും കോലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ ‘ഫോളോ’ ചെയ്യുന്നുണ്ട്.
അതേസമയം, ടീമില്‍ പടലപ്പിണക്കമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ബോളിംഗ് പരിശീലകന്‍ തള്ളിക്കളഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനും തയ്യാറായിട്ടില്ല.

ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമായി പങ്കുവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോലിയെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.

SHARE