റോഹിന്‍ഗ്യന്‍ പുന:രധിവാസം; നയതന്ത്ര ഇടപെടല്‍ തേടി ബംഗ്ലാദേശ്

 

യുഎന്‍: ഐക്യരാഷ്ട്രസഭയില്‍ മ്യാന്മര്‍ ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗ്ലാദേശ്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ തുടരുന്ന നിലപാടുകളെ പരസ്യമായും രൂക്ഷമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്‍ശിച്ചു. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ബംഗ്ലാദേശ് ആരോപിച്ചു. വംശഹത്യയെ തുടര്‍ന്ന് മ്യാന്മറില്‍ നിന്നും പാലായനം ചെയ്ത ജനതയെ തിരികെ എത്തിക്കുന്നതില്‍ മ്യാന്മര്‍ ഭരണകൂടം അലംഭാവം പുലര്‍ത്തുകയാണെന്ന് ഹസീന ആരോപിച്ചു.
പാലായനം ചെയ്ത ജനതയെ തിരികെ രാജ്യത്ത് എത്തിക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഭരണകൂടം ഈ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. സൈന്യത്തിന്റെ ക്രൂരതകളെ തുടര്‍ന്നാണ് റോഹിന്‍ഗ്യന്‍ ജനത കൂട്ടപാലായനം ചെയ്തതെന്നും ഹസീന ആരോപിച്ചു. വംശഹത്യയും മനുഷ്യവംശത്തിനു നേരെ നടന്ന കൂട്ടക്കുരുതിയുമാണ് മ്യാന്മറില്‍ നടന്നതെന്നും അവര്‍ വ്യക്തമാക്കി. യുഎന്‍ മനുഷ്യാവകാശ സംഘടന നടത്തിയ അന്വേഷണത്തില്‍ വംശഹത്യ നടന്നതായി കണ്ടെത്തിയിരുന്നു.
നയതന്ത്ര ഇടപാടുകളിലൂടെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ഹസീന ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടനകളുടെ പിന്‍ബലത്തോടെ 1.1 മില്യണ്‍ അഭയാര്‍ത്ഥികളെയാണ് ബംഗ്ലാദേശ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആഹാരവും വസ്ത്രങ്ങളും ആരോഗ്യസംരക്ഷണവും സുരക്ഷയും സര്‍ക്കാര്‍ നല്‍കി വരുന്നു. താമസ സൗകര്യം ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വിദ്യാഭ്യാസവും മറ്റു സേവനങ്ങളും ഇവര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും ഹസീന വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതില്‍ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ബംഗ്ലാദേശിനൊപ്പം ഉണ്ട്. ഇവരെ തിരികെ മ്യാന്മറില്‍ എത്തിക്കാന്‍ ഈ രാജ്യങ്ങളും സഹായിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.

SHARE