കോഴിക്കോട്: മ്യാന്മറിലെ കൊടിയ പീഡനത്തെ തുടര്‍ന്ന് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്തവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ത്യന്‍ പാരമ്പര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച കോടതി, കേന്ദ്ര സര്‍ക്കാറിന്റെ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്.
സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന പാവപ്പെട്ട ജനതയെ ഭീകരവാദികളായി മുദ്രകുത്തി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റു തിരുത്താന്‍ തയ്യാറാവണം. അഭയാര്‍ത്ഥികളെ മാന്യമായി കൈകാര്യം ചെയ്യണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശത്തോടു പോലും മുഖം തിരിച്ചു നിന്ന കേന്ദ്ര ഭരണകൂടം അന്തര്‍ദേശീയ-ദേശീയ നിയമങ്ങളെയും ചട്ടങ്ങളെയും പുഛിച്ച് തള്ളുകയായിരുന്നു.
റോഹിങ്ക്യന്‍ വിഭാഗങ്ങളില്‍ മുസ്്ലിം, ഹിന്ദു, ബുദ്ധ മതങ്ങളില്‍ വിശ്വസിക്കുന്നവരുണ്ട്. ഭൂരിപക്ഷം മുസ്്ലിംകളാണ് എന്നതാണ് മുന്‍വിധിയോടെ സമീപിക്കാന്‍ കാരണം. നവമ്പര്‍ 21ന് വീണ്ടും കോടതി വിഷയം പരിഗണിക്കുമ്പോള്‍ അനുകൂല നിലപാടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. റോഹിങ്ക്യകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്ന മുസ്്ലിം യൂത്ത്ലീഗ് നിയമ പോരാട്ടം തുടരുമെന്ന് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാറും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും പറഞ്ഞു.