കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; ഇന്ത്യന്‍ വംശജയായ യു.എസ് സംരംഭക കൊല്ലപ്പെട്ടു

സാന്‍ ഹോസെ: പസഫിക് സമുദ്രത്തില്‍ സ്‌കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തോടൊപ്പം സ്‌കൂബാ ഡൈവിങില്‍ ഏര്‍പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്‍ തീരത്തു നിന്ന് 300 മൈല്‍ അകലെ ദുരന്തത്തില്‍പ്പെട്ടത്.

കടുവ സ്രാവിന്റെ (ടൈഗര്‍ ഷാര്‍ക്ക്) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രോഹിനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കൊമേഴ്‌സ് സെക്രട്ടറി ആരംഭിച്ച സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന രോഹിന ഭണ്ഡാരി.

കൃത്രിമ ശ്വസന സംവിധാനങ്ങളോടെ വെള്ളത്തിനടിയില്‍ നീന്തുന്ന വിനോദമാണ് സ്‌കൂബാ ഡൈവിങ്. ഡിസംബറില്‍ 50-ാം ജന്മദിനം വിപുലമായി ആഘോഷിക്കാനിരുന്ന രോഹിന ഭണ്ഡാരി, നവംബര്‍ 30-നാണ് മറ്റ് 18 പേര്‍ക്കൊപ്പം കോസ്റ്ററിക്കയിലെ ഇസ്ല ദെല്‍ കൊക്കെ ദ്വീപിനു സമീപം സ്‌കൂബാ ഡൈവിങിനു പോയത്. ഡൈവിന്റെ അവസാന ഘട്ടത്തിലാണ് രോഹിനക്കും ഗൈഡിനും നേരെ സ്രാവിന്റെ ആക്രമണമുണ്ടായത്. കാലില്‍ ഗുരുതരമായി കടിയേറ്റ രോഹിനയെ മറ്റുള്ളവരെല്ലാം ചേര്‍ന്നാണ് കരയിലെത്തിച്ചത്. ഗൈഡിനും കടിയേറ്റെങ്കിലും ഗുരുതരമായിരുന്നില്ല.

ട്രംപിന്റെ കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് ആരംഭിച്ച ഡബ്ല്യൂ.എല്‍ റോസ് ആന്റ് കോ. എന്ന നിക്ഷേപക കമ്പനിയില്‍ 2013 മുതല്‍ സീനിയര്‍ ഡയറക്ടറാണ് രോഹിന ഭണ്ഡാരി.