ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു. ടെന്നീസ് താരം റോജര്‍ ഫെഡററാണ് പട്ടികയില്‍ ഒന്നാമത്. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നാണ് ഫെഡറര്‍ ഈ തവണത്തെ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ അഞ്ചാമതായിരുന്നു ഫെഡറര്‍.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ലിസ്റ്റില്‍ ഒന്നാമതായിരുന്ന മെസ്സി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു റൊണോ. നെയ്മറാണ് പട്ടികയില്‍ ഇത്തവണ നാലാം സ്ഥാനത്ത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 കായിക താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയാണ് ഫോബ്സ് മാസിക പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ അറുപത്താറാം സ്ഥാനത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്. ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ക്രിക്കറ്റ് താരം കോഹ്ലിയാണെന്നും ഫോബ്സ് പട്ടിക വ്യക്തമാക്കുന്നു.
യുഎസ് ബാസ്കറ്റ്ബോള്‍ താരങ്ങളായ ലിബ്രോണ്‍ ജെയിംസ്, സ്റ്റീഫന്‍ കറി, കെവിന് ഡുറാന്റ് എന്നിവരാണ് അഞ്ച് മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍. യുഎസ് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സാണ് എട്ടാമത്. യുഎസില്‍ നിന്നുള്ള അമേരിക്കന്‍ ഫുട്ബോള്‍ താരങ്ങളായ കിര്‍ക് കസിന്‍സ് ഒന്പതാമതും, കാര്സന് വെന്റ്സ് എന്നിവരാണ് ഒന്‍പത് പത്ത് സ്ഥാനങ്ങളില്‍.
10.63 കോടി യുഎസ് ഡോളറാണ് സ്വിസ് താരമായ ഫെഡററുടെ വരുമാനമെന്ന് ഫോബ്സ് പട്ടികയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് 9.34 കോടിയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരുമാനം 10.9 കോടിയില്‍ നിന്ന് ഇത്തവണ 10.54 കോടിയായും മെസ്സിയുടെ വരുമാനം 12.7 കോടിയില്‍ നിന്ന് 10.4 കോടിയായും ഇത്തവണ കുറഞ്ഞു. നെയ്മറുടെ വരുമാനം 10.5 കോടി ഡോളറില്‍നിന്ന് 9.55 കോടി ഡോളറായും കുറഞ്ഞു.