ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാലു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ ഇ.ഡിയുടെ ഓഫീസിലാണ് വാദ്ര ഹാജരായത്. പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വാദ്ര അകത്തേക്കു പോയതിനുശേഷം പ്രിയങ്ക തിരികെപ്പോയി.
സത്യം എല്ലാവര്ക്കും അറിയാവുന്നതാണെന്നും എന്തുതന്നെ വന്നാലും ഭര്‍ത്താവിനൊപ്പം നില്‍ക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. ലണ്ടനിലെ വസ്തുവകകള്‍ വാങ്ങിയതും മറ്റുമായ ഇടപാടുകളെക്കുറിച്ചു വാദ്രയോട് അന്വേഷണ ഏജന്‍സി ചോദിച്ചതായാണ് വിവരം. വിദേശത്തെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് വാദ്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതി വാദ്രക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.
#WATCH: Congress General Secretary for eastern Uttar Pradesh Priyanka Gandhi Vadra arrives at Congress Headquarters in Delhi. Earlier today she had accompanied her husband Robert Vadra to Enforcement Directorate Office & left soon after. pic.twitter.com/2RDbaHG5JV
— ANI (@ANI) February 6, 2019
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്ന വാദമാണ് വാദ്ര ഉയര്‍ത്തിയത്. ലണ്ടന്‍ ബ്രയന്‍സ്റ്റണ്‍ സ്ക്വയറിലുള്ള ആഡംബര ഫ്ളാറ്റിന്റെ യഥാര്‍ത്ഥ ഉടമ റോബര്‍ട്ട് വാദ്രയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. 19 ലക്ഷം പൗണ്ട് മൂല്യമുള്ള ഈ ഫ്ളാറ്റ് വാങ്ങിയത് പിടികിട്ടാപ്പുള്ളിയായ വിവാദ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരി ആണെങ്കിലും ഫ്ളാറ്റിന്റെ സാമ്പത്തിക ഗുണഭോക്താവും അറ്റകുറ്റപ്പണി നടത്തുന്നതും വാദ്രയാണെന്നും വാങ്ങിയ ശേഷം വാദ്ര നിയന്ത്രിക്കുന്ന കമ്പനിക്ക് ഫ്ളാറ്റ് കൈമാറുകയായിരുന്നുവെന്നും പ്രത്യേക കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ബോധിപ്പിച്ചിരുന്നു. 2016ല്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസില്‍ കുടുങ്ങിയ ഭണ്ഡാരി പിന്നീട് നേപ്പാള്‍ വഴി രാജ്യം വിട്ടതായും ഇ.ഡി കോടതിയില്‍ അറിയിച്ചിട്ടുണ്ട്.