ഷോപ്പിംഗിനിടെ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂരില്‍ ഹേമാംബിക നഗര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരിയാണ് അറസ്റ്റിലായത്. ഇയാളെ സസ്‌പെന്റ് ചെയ്തു. കൂട്ടുപ്രതിയായ ചിറ്റൂര്‍ തറക്കളം സ്വദേശി സി. പ്രദീപിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടില്‍ ജയന്റെ ഭാര്യ സിന്ധു വഴിയോര കച്ചവടം നടത്തുന്നിടത്തു നിന്നും ഇളനീര്‍ കുടിക്കാനെത്തിയതായിരുന്നു. ഇളനീരിന്റെ പൈസ കൊടുക്കാനായി വണ്ടിയില്‍ നിന്നിറങ്ങി. തിരിച്ചു വരുമ്പോള്‍ സ്‌ക്കൂട്ടറില്‍ തൂക്കിയിട്ടിരുന്ന ബാഗ് കാണാനില്ല. ഈ സമയം സമീപത്ത് ഒരു കാര്‍ മാത്രമാണുണ്ടായിരുന്നത്. കാറിലായിരുന്നു മോഷണം നടത്തിയ പൊലീസുകാരനും കൂട്ടുപ്രതികളും ഉണ്ടായിരുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന അര പവന്റെ ലോക്കറ്റ് ചിറ്റൂരിലെ സ്വര്‍ണ കടയില്‍ വിറ്റ് പണം വാങ്ങിയതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ബാഗിലുണ്ടായിരുന്ന 10000 രൂപ കിട്ടിയിട്ടില്ല.

SHARE