ആംസ്റ്റര്‍ഡാം: വര്‍ത്തമാന ഫുട്ബോളിലെ മികച്ച വിംഗര്മാരിലൊരാളായ ആര്യന് റോബന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാത്തതിനെ വിഷമത്തിലാണ് 33-കാരന് കളി മതിയാക്കിയത്. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സ്വീഡനെതിരെ നേടിയ രണ്ടു ഗോളോടെയാണ് റോബന് 14 വര്‍ഷം അണിഞ്ഞ ഓറഞ്ചു കുപ്പായം അഴിച്ചു വെച്ചത്.
Robben in a Netherlands shirt 👏👏👏
👕 96 games
⚽️ 39 goals
👟 29 assists pic.twitter.com/iuwASgKC95— UEFA EURO (@UEFAEURO) October 10, 2017
19-ാം വയസ്സില്‍ പോര്‍ച്ചുഗലിനെതിരെ സൗഹൃദ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച റോബന് 2006, 2010 ലോകകപ്പുകളിലും 2004, 2008, 2012 യൂറോ കപ്പുകളിലും ഹോളണ്ടിനു വേണ്ടി കളിച്ചു. 2015 ഓഗസ്റ്റില്‍ റോബിന് വാന്പേഴ്സിയില് നിന്ന് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തു.
37 രാജ്യാന്തര ഗോളുകള്‍ നേടിയ റോബന് ഹോളനു വേണ്ടി കൂടുതല്‍ ഗോളടിച്ച നാലാമത്തെ താരമാണ്. ഡച്ച് ഫുട്ബോളിലെ രാഷ്ട്രീയവും അണിയറക്കളികളും റോബന് എന്ന പ്രതിഭയുടെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്. 2003-ല്‍ അരങ്ങേറിയെങ്കിലും ഹോളണ്ടിന്റെ മത്സരങ്ങളില്‍ 51 ശതമാനത്തില്‍ മാത്രമേ താരം ടീമിലെത്തിയുള്ളൂ. 96 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 29 ഗോളുകള്‍ക്ക് വഴിയൊരുക്കി. ഈ ഗണത്തില്‍ 132 മത്സരം കളിച്ച വെസ്ലി സ്നൈഡര്‍ മാത്രമാണ് റോബന് മുന്നിലുള്ളത്.
2014, 2018 ലോകകപ്പുകള്‍ക്കും 2014 യൂറോ കപ്പിനും ടീമിന് യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാത്തത് റോബന്റെ തിളക്കമാര്‍ന്ന കരിയറിലെ കറുത്ത പാടുകളാണ്. ഹോളണ്ടിന്റെ ഫുട്ബോള്‍ ഭാവി ശോഭനമാണെന്നും ഒന്നര പതിറ്റാണ്ടോളം ഓറഞ്ച് ജഴ്സിയണിയാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.