‘ജയരാജനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനെ പിന്തുണക്കും, വടകരയില്‍ മത്സരിക്കില്ല’: നിലപാട് വ്യക്തമാക്കി ആര്‍.എം.പി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ആര്‍.എം.പി. സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്നും ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും അവരെ പിന്തുണക്കും. വടകരയില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ആര്‍എംപി നേതാവ് എന്‍.വേണു പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.

ജയരാജന്‍ തോല്‍ക്കുന്നതിനായി യുഡിഎഫിനെ പിന്തുണക്കുമെന്ന് കെ.കെ.രമയും പ്രതികരിച്ചു. വടകരയില്‍ നിന്ന് ഒരു കൊലയാളി ജയിച്ചുപോകുന്ന സാഹചര്യമുണ്ടാകരുതെന്നും അതിനുവേണ്ടിയാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കെ.കെ രമ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണെന്നും യു.ഡി.എഫിനെ പിന്തുണക്കുമെന്നും ആര്‍.എം.പി അറിയിക്കുകയായിരുന്നു.