മണിയുടെ മരണത്തിന് പിന്നില്‍ താനാരേയും പരാമര്‍ശിച്ചിട്ടില്ല; വ്യാജവാര്‍ത്തയെന്ന് സഹോദരന്‍

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ മരണത്തിന് കാരണം ഡോ സുമേഷ് സഡേഷന്‍ നല്‍കിയതാണെന്ന് താന്‍ പറഞ്ഞുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ അത്തരം അഭിപ്രായങ്ങള്‍ തന്റേതല്ലെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. കൈരളി ഓണ്‍ലൈന്‍ മാധ്യമമാണ് രാമകൃഷ്ണന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത ശരിയല്ലെന്നും കേസ് സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറയുന്നതിങ്ങനെ:

ഒരു സ്വകാര്യ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി.ഇത് ശരിയായ വാര്‍ത്തയല്ല.

സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതല്‍ യാതൊരു പത്രമാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല’. സോഷ്യല്‍ മീഡിയായിലൂടെയുള്ള ഇത്തരം പരാമര്‍ശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല. ദയവായി ഇത് ഒരു അറിയിപ്പായി കരുതണം.സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല.