ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്‍; സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്

ആര്‍.കെ നഗറില്‍ ദിനകരന്‍; ഭൂരിപക്ഷം 36000 കടന്നു

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍.
ചിഹ്നവും പാര്‍ട്ടിയുമല്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്‍.കെ നഗര്‍ ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്‍ വ്യക്തമാക്കി.
ആര്‍.കെ നഗറിലെ തെരഞ്ഞെടുപ്പില്‍ ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്‍ രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്‍വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു വ്യക്തമാക്കിയ ദിനകരന്‍ തമിഴ്‌നാട് സര്‍ക്കാറിനെതിരായ ജനവിധിയാണ് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും പറഞ്ഞു

മൂന്നുമാസത്തിനുള്ളില്‍ എടപ്പാടി കെ. പളനിസാമി-ഒ. പനീര്‍സെല്‍വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്‍ക്കാര്‍ താഴെവീഴുമെന്നും ദിനകരന്‍ മുന്നറിയിപ്പു നല്‍കി.

ആര്‍.കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ദിനകരന്‍ മത്സരിച്ചത്. അതിനിടെ ദിനകരന്റെ ഭൂരിപക്ഷം 36000 കടന്നു. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്‍ ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്‍ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.

അമ്മയുടെ പിന്‍ഗാമി ആരാണെന്ന് ഇപ്പോള്‍ ആര്‍കെ നഗറിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു. ഞങ്ങളാണു യഥാര്‍ഥ അണ്ണാഡിഎംകെ, ദിനകരന്‍ വ്യക്തമാക്കി.

അതേസമയം കടുത്ത തോല്‍വി ഏറ്റുവാങ്ങിയ ഇപിഎസ്-ഒപിഎസ് സഖ്യത്തെ പരിഹസിക്കാനും ദിനകരന്‍ മടിച്ചില്ല. രണ്ടില ചിഹ്നവുമായി മത്സരിച്ചിട്ടും ഇ. മധുസൂദന്‍ ഏറ്റുവാങ്ങിയ കടുത്ത തോല്‍വി തോല്‍വി യഥാര്‍ഥ അണ്ണാഡിഎംകെ ഞങ്ങളാണെന്നാണു വ്യക്തമാക്കുന്നത് . എം.എന്‍. നമ്പ്യാര്‍ക്കും പി.എസ്. വീരപ്പയ്ക്കും രണ്ടില ചിഹ്നം കൊടുത്താല്‍ ആരെങ്കിലും വോട്ടുചെയ്യുമോ? എന്നും ദിനകരന്‍ പരിഹസിച്ചു. എംജിആറിനെതിരെ ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രമായിരുന്നു എം.എന്‍. നമ്പ്യാര്‍.