ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയെ ആര്‍.ജെ.ഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ്

പാറ്റ്‌ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്‍.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് സിന്‍ഹ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിന്‍ഹയെ ആര്‍.ജെ.ഡിയിലേക്ക് സ്വാഗതം ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന നേതാവാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പ്രമുഖരെ അണിനിരത്തി കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച മഹാറാലിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

എന്നാല്‍ ഇതിനോടൊന്നും ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിക്കുകയോ എം.പിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല.