സുശാന്തിന്റെ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

മുംബൈ: ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകി നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്മഹത്യയ്ക്കു പിന്നില്‍ റിയ ചക്രവര്‍ത്തിക്കു പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയും പ്രചാരണവും.

ഭീഷണിപ്പെടുത്തിയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും മഹാരാഷ്ട്ര സൈബര്‍ സെല്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റിയ ചക്രവര്‍ത്തി സംഭവം അന്വേഷിക്കണമെന്നു സൈബര്‍ പൊലീസിനോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണു നടപടി.സുശാന്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തുമ്പുണ്ടാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 35 പേരെ ചോദ്യം ചെയ്ത പൊലീസ്, ഫൊറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണ്.

SHARE