പുഴയില്‍ കാണാതായി; അഞ്ചുമണിക്കൂറിന് ശേഷം കുറ്റിക്കാട്ടില്‍ കിടന്നുറങ്ങുന്ന നിലയില്‍ കണ്ടെത്തി

തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ആളെ അഞ്ചുമണിക്കൂറിന് ശേഷം കുറ്റിക്കാട്ടില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ അംബേദ്കര്‍ ആദിവാസി കോളനിയിലെ അന്‍പതുകാരനെയാണ് ചൊവ്വാഴ്ച ആറുമണിയോടെ കാണാതായത്.

നാലുമണിയോടെ കുളിക്കാന്‍ പോയ ആള്‍ ഏറെ വൈകിയിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. കോളനിക്കടുത്ത പുഴക്കരയില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ടതോടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് കരുതി നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തി. തിരുവമ്പാടി പോലീസും മുക്കം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് തിരച്ചില്‍ തുടരാനുള്ള സന്നാഹങ്ങളൊരുക്കി. എന്നാല്‍ കോളനിയിലെ ചിലര്‍ രാത്രിവൈകി വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ വസ്ത്രങ്ങള്‍ കണ്ട സ്ഥലത്തിന് സമീപത്തെ കാട്ടില്‍ക്കിടന്ന് മയങ്ങുന്ന നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. മഴയില്‍ തണുത്ത് വിറച്ചനിലയിലായിരുന്നു ഇയാള്‍. ഉടനെ ആംബുലന്‍സില്‍ തിരുവമ്പാടിയിലെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ മദ്യലഹരിയില്‍ മയങ്ങിപ്പോയതാണെന്ന് പോലീസ് പറഞ്ഞു.

SHARE