ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചുകൊന്ന സംഭവം; രാജ്യത്ത് പ്രതിഷേധം കനക്കുന്നു

ആഭ്യന്തര മന്ത്രിയുടെ പ്രതികരണവും വിവാദത്തില്‍

തെലങ്കാനയില്‍ മൃഗഡോക്ടറായ 27 കാരിയെ കൂട്ടബലാത്സംഗം ചെയ്തു കത്തിച്ചുകൊന്ന സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു.
ഡല്‍ഹില്‍ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയ സംഭവത്തിന് ശേഷവും രാജ്യത്ത് സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിനെതിരെ ഒരു നടപടിയും ആയില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് കാണിച്ചാണ് പ്രതിഷേധം ഉയരുന്നത്.

ഇതിനിടെ കാഞ്ചീപുരത്ത് നിന്നും കഴിഞ്ഞയാഴ്ച കാണാതായ ദളിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചീപുരം വലജാബാദ് സ്വദേശിനി റോജ (20)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നും പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. ദളിത് യുവതിയെ ദുരൂഹ മരണത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.
ഇരക്ക് നീതി ലഭിക്കുന്നതിനായി സോഷ്യല്‍ മീഡിയകളില്‍ #Priyanka_Reddy #RIPHumanity #HangRapists #NirbhayaFund #JusticeForRoja തുടങ്ങിയ ഹാഷ് ടാഗുകള്‍ ട്രന്റാണ്.

നിര്‍ഭയ സംഭവത്തിന് ശേഷം അത്യാഹിതങ്ങള്‍ക്കെതിരെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി നിര്‍ഭയ ഫണ്ട് എന്ന പദ്ധതിയും രൂപപ്പെട്ടിരുന്നതായി കോണ്‍ഗ്രസ് വ്യക്താന് ജെയ്വീര്‍ ഷര്‍ഗില്‍ പറഞ്ഞു. എന്നാല്‍ അത്യാഹിതങ്ങള്‍ തടയുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിനായാണ് വന്‍ തുക ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, യുവതിയുടെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി നടത്തിയ പ്രതികരണവും വിവാദത്തിലായിരിക്കുകയാണ്. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സഹോദരിയെ വിളിച്ചതിനുപകരം പൊലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നുമണ് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞത്. ‘കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗ്രതയിലാണ്. കഴിഞ്ഞദിവസത്തെ സംഭവത്തില്‍ ഞങ്ങള്‍ക്കെല്ലാം വിഷമമുണ്ട്. അവര്‍ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ചതിനുപകരം 100 ല്‍ വിളിച്ചിരുന്നെങ്കില്‍ അവരെ രക്ഷിക്കാമായിരുന്നു. 100 എന്നാല്‍ സൗഹൃദ നമ്പറാണ്’. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇരയാവപ്പെട്ടവരെ കുറ്റപ്പെടുത്തുന്ന ആഭ്യന്ത്രര മന്ത്രിയുടെ പ്രതികരണം തീര്‍ത്തും നാണമില്ലാത്തതും വിഡ്ഢിത്തവും അനാസ്ഥയുമാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി െ്രെഡവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം യുവതിയ കൊലപ്പെടുത്തിയതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് പെട്രോളൊഴിച്ചു കത്തിച്ചതായാണ് വിവരം.

ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തില്‍ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.

ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്‌നഗറിലെ വീട്ടില്‍നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോള്‍ ബുത്തിനു സമീപം നിര്‍ത്തിയിട്ട് ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ പോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ടോള്‍ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ യുവതിയുടെ ബൈക്ക് പാര്‍ക്കു ചെയ്തിരിക്കുന്നതും കാണാം.രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണില്‍ സംസാരിച്ചിരുന്നു. ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു സമീപത്തുള്ള ഒരാള്‍ പറയുന്നതു ഫോണ്‍ സംഭാഷണത്തില്‍ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നല്‍കി. സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷന്‍മാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു.
അടുത്തുള്ള ടോള്‍ ഗേറ്റില്‍ പോയി കാത്തിരിക്കാന്‍ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താന്‍ നിര്‍ദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു.
കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.എന്തോ പ്രശ്‌നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാനായി ആര്‍ജിഐഎ പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്‌റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോ ണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി.