ഡല്‍ഹിയില്‍ വ്യാപാര മേഖലയെ തകര്‍ത്ത് കലാപവും കൊറോണയും

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവും പിന്നാലെയെത്തിയ കൊറോണ വൈറസ് വ്യാപനവും രാജ്യത്തെ ഏറ്റവും വലിയ റെഡിമെയ്ഡ് വസ്ത്ര കേന്ദ്രത്തെ ബാധിച്ചു. രാജ്യത്തെ പ്രധാന മൊത്ത വസ്ത്ര വിപണന കേന്ദ്രമാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍. കലാപത്തിനൊപ്പം കൊറോണ വൈറസും മേഖലയില്‍ നിലനില്‍ക്കുന്ന ഭയവും മൊത്ത വസ്ത്ര വ്യാപാര മേഖലയെ പാടെ തളര്‍ത്തിയിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
കലാപത്തിനൊപ്പം കൊറോണ വ്യാപനവുമുള്ളതിനാല്‍ അടുത്ത രണ്ട് മാസത്തേക്ക് വിപണി ഉണര്‍ന്ന് വരാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ ആശങ്കയോടെ പറയുന്നത്. രാജ്യമെമ്പാടുമുള്ള ചില്ലറ വസ്ത്ര വ്യാപാരികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഡല്‍ഹിയെയാണ്. പ്രതിമാസ, സീസണ്‍ കച്ചവടങ്ങള്‍ക്കായി ചില്ലറ വ്യാപാരികള്‍ വരുന്നത് ഇപ്പോള്‍ പകുതിയില്‍ താഴെയായി. ആഴ്ചകളായി മന്ദഗതിയിലായിരുന്ന കച്ചവടം ഇപ്പോള്‍ ഏതാണ്ട് പൂര്‍ണമായും നിലച്ച മട്ടാണ്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി മികച്ച കച്ചവടം നടക്കേണ്ട സാഹചര്യമായിരുന്നു ഇപ്പോള്‍. രണ്ട് മാസത്തിനപ്പുറം ഈദും വരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈദ് വിപണിയെയും ബാധിച്ചേക്കുമെന്നാണ് ദുര്‍ഗ ഗാലിയിലെ ജീന്‍സ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരിയായ മുഹമ്മദ് ജമീല്‍ പറയുന്നത്. വിപണിയിലേക്ക് വരുന്നത് പോലും ആളുകള്‍ ഭയപ്പാടോടെയാണ്. വില്‍പന എണ്‍പത് ശതമാനത്തോളും ഇടിഞ്ഞു. ഹോളി സീസണ്‍ മികച്ച വില്‍പന നടക്കുന്ന സമയമായിരുന്നുവെന്നും ജമീല്‍ പറയുന്നു. നിലവിലെ സാഹചര്യം ആഴ്ചകളോളം നീണ്ടു നില്‍ക്കാനാണ് സാധ്യതയെന്ന് ഗുരു നാനാക്ക് ലെയ്‌നിലെ വ്യാപാരി ടി.എസ് സച്ച്‌ദേവ പറയുന്നു. മൊത്ത വസ്ത്ര വിപണിയില്‍ 1500 ഓളം കടകളുണ്ട്, പ്രതിദിന വിറ്റുവരവ് 50 കോടിയോളം വരും. പ്രതിമാസം 1500 കോടി രൂപയുടെ വിറ്റുവരവ് നടക്കുന്ന കേന്ദ്രമാണ് ഇപ്പോള്‍ കൂപ്പു കുത്തിയിരിക്കുന്നതെന്ന് അസോസിയേഷന്‍ ഓഫ് ഹോള്‍സെയില്‍ റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് പ്രസിഡന്റ് കെ.കെ ബല്ലി പറഞ്ഞു. അഞ്ച് ലക്ഷത്തോളം പേര്‍ വിപണിയുമായി നേരിട്ട് ബന്ധപ്പെട്ട് ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരാണ്. കലാപത്തിനു മുന്‍പേ കൊറോണ വൈറസ് വിപണിയെ സ്വാധീനിച്ചിരുന്നെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിച്ചത് വിപണിയെ കൂടുതല്‍ ദുരിതത്തിലാക്കി. ഇറക്കുമതി തകരാറിലായതോടെ വിലയിലും മാറ്റമുണ്ടായി. ശൈത്യകാലത്ത് മികച്ച കച്ചവടം നടക്കാറുണ്ടായിരുന്നു. ഇക്കുറി അതുമുണ്ടായില്ല. മേഖലയില്‍ കച്ചവടം നിലച്ചതോടെ ലക്ഷങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.

SHARE