കാശ്മീര്‍: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതില്‍ തിരിച്ചടി; ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാരദുര്‍വിനിയോഗം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതില്‍ തിരിച്ചടി. ഇന്റര്‍നെറ്റ് ഉപയോഗം ഭരണ ഘടന നല്‍കുന്ന മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ ഭരണകൂടത്തോട് പരമോന്നത നീതിപീഠം നിര്‍ദ്ദേശം നല്‍കി. ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്ന് പറഞ്ഞ സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിച്ച് വ്യക്തത വരുത്തണമെന്നും നിയന്ത്രണങ്ങളെ സംബന്ധിച്ച് പൊതു സമുഹത്തെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.

പ്രത്യേക ഭരണഘടനാ പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ആഗസ്റ്റ് 5 മുതല്‍ തുടരുന്ന ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.

ഭരണഘടനയുടെ ആര്‍ട്ടികിള്‍ 19-ാം വകുപ്പ് പ്രകാരം ഇന്റര്‍നെറ്റ് സേവനം മൗലിക അവകാശമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു നിശ്ചിത സമയത്തിലധികം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നത് നിയമ ലംഘനമാണ്. ആസ്പത്രികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും പോലുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും കശ്മീരില്‍ ഏര്‍പ്പെടുത്തിയ മറ്റു നിയന്ത്രണങ്ങള്‍ പ്രസിദ്ധപ്പെടുത്താനും സുപ്രീം കോടതി ജസ്റ്റിസുമാരായ വിഎന്‍ രമണ, ആര്‍.സുഭാഷ് റെഡ്ഡി, ആര്‍വി ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് ഉത്തരവിട്ടു.

ജമ്മു കശ്മിരിലെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതി കോടതി വിധി പ്രസ്താവം ആരംഭിച്ചത്. എന്നാല്‍, വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ വേണ്ടി സെക്ഷന്‍ 144ന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് മൂന്നംഗ ബഞ്ച് വ്യക്തമാക്കി. നിരോധനാജ്ഞ ഏര്‍പ്പെടുത്തുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

‘ആവര്‍ത്തിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അധികാരദുര്‍വിനിയോഗമാണ്. വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. അപകടമുണ്ടാകുമെന്ന ജാഗ്രതയില്‍ സെക്ഷന്‍ 144 പ്രയോഗിക്കാം. എന്നാല്‍ അപകടം ഒരു ‘അടിയന്തരാവസ്ഥ’ യുടെസ്വഭാവത്തിലായിരിക്കണം’. എല്ലാ തത്വങ്ങളും പാലിച്ച്‌ക്കൊണ്ടാവണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി.

അനിശ്ചതകാലത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്നത് അനുവദിക്കില്ല. മതിയായ കാരണങ്ങളോടെ ഒരു നിശ്ചിത കാലത്തേക്ക് ആവാം. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാണ്. ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇന്റര്‍നെറ്റ് അവകാശവും ഉള്‍പ്പെടുന്നു. അനുച്ഛേദം 19 (1) (ജി) പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന അവകാശമാണ് ഇന്റര്‍നെറ്റിലൂടെയുള്ള വ്യാപാരവും വാണിജ്യവും നടത്താനുള്ള സ്വാതന്ത്ര്യമെന്നും കോടതി വ്യക്തമാക്കി.

കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഗുലാം നബി ആസാദ് തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.

SHARE