സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആഢംബര ജീവിതം; ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ ഇന്ത്യ തിരിച്ചു വിളിച്ചു

ന്യൂഡല്‍ഹി: താമസത്തിനുള്ള വാടക അധികമായി ഈടാക്കിയതിനെ തുടര്‍ന്ന് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ ഇന്ത്യ തിരിച്ചുവിളിച്ചു. രേണു പാളിനെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയും തിരിച്ചുവിളിച്ചത്. സാമ്പത്തിക ക്രമക്കേടും സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

പ്രതിമാസം 15 ലക്ഷം വാടകയുള്ള അപ്പാര്‍ട്ട്‌മെന്റാണ് രേണു പാള്‍ താമസത്തിനായി വാടകക്കെടുത്തത്. ഇതാണ് സര്‍ക്കാറിനെ അതൃപ്തിയിലാക്കിയത്. അടുത്തമാസത്തോടെ സേവനം അവസാനിപ്പിച്ച് രാജ്യത്തേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി. മറ്റ് രീതിയിലും ഇവര്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും അമിതമായി പണം ചെലവാക്കിയെന്നും വിജിലന്‍സ് കണ്ടെത്തി.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വന്‍ തുകക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്തതിലൂടെ കോടിക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശ സര്‍വീസിലെ 1988 ബാച്ച് ഉദ്യോഗസ്ഥയാണ് രേണു പാള്‍. വിയന്നയില്‍ എത്തിയാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ രേണു പാള്‍ വിയന്നയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു.

SHARE