നെല്ലറയാകുമോ? ഷാര്‍ജയിലെ മരുഭൂമിയില്‍ നെല്ലു വിളയിച്ച് യു.എ.ഇ- വീഡിയോ

ഷാര്‍ജ: ഷാര്‍ജയിലെ മരുഭൂമിയില്‍ നെല്ലു വിളയിച്ച് യു.എ.ഇ. ദക്ഷിണ കൊറിയന്‍ വിദഗ്ധരുമായി ചേര്‍ന്ന് യു.എ.ഇ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. ഭക്ഷ്യ ധാന്യങ്ങള്‍ക്കു വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന സുപ്രധാന കാല്‍വയ്പ്പാണിത്.

ആയിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 763 കിലോഗ്രാം നെല്ലാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിളയിച്ചെടുത്തത്. മദ്ധ്യേഷ്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു പരീക്ഷണം ആദ്യമാണെന്ന് യു.എ.ഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പു മന്ത്രി ഡോ. താനി അല്‍ സെയൂദി പറഞ്ഞു. വലിയ അളവില്‍ വിജയകരമായി കൃഷി ചെയ്യാനായാല്‍ രാജ്യത്തിന്റെ കാര്‍ഷിക ശേഷിയെ തന്നെ ഇതു മാറ്റി മറിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം അസെമി (ജപോനിക) എഫ്.എല്‍478 (ഇന്‍ഡിക) എന്നീ രണ്ട് വിത്തിനങ്ങളാണ് കൃഷിക്കായി ഉപയോഗിച്ചത്. കടുത്ത ചൂടിനെ പ്രതിരോധിക്കുകയും ഫലഭൂയിഷ്ടമല്ലാത്ത മണ്ണില്‍ വളരുകയും ചെയ്യുന്ന വിത്തുകളാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിത്തിറക്കിയത്. മെയ് അഞ്ചിനും മുപ്പതിനും ഇടയില്‍ മൂന്ന് ഘട്ടങ്ങളിലായി വിളവെടുത്തു. ഡ്രിപ് ഇറിഗേഷനാണ് ജലസേചനത്തിനായി ഉപയോഗിച്ചത്.

ദക്ഷിണ കൊറിയയിലെ റൂറല്‍ ഡവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷനാണ് പദ്ധതിയില്‍ യു.എ.ഇയുമായി സഹകരിക്കുന്നത്. രാജ്യത്തു നിന്നുള്ള വിദഗ്ധര്‍ കൃഷിയുടെ എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നു.

വീഡിയോ കടപ്പാട്- ഗള്‍ഫ് ന്യൂസ്

SHARE