മനസ്സിന്റെ വല കുലുക്കും, സൗബിനും സുഡാനിയും

മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്‌ബോളര്‍. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്‍പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്ന മാനേജര്‍ പരിക്കില്‍ നിന്നു മുക്തനാവാന്‍ കളിക്കാരനു നല്‍കുന്ന പിന്തുണ. ഗ്രൗണ്ടിലെ ആരവങ്ങളുമായി ബന്ധമൊന്നുമില്ലാത്ത, എന്നാല്‍ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത മാനേജറുടെ സ്വകാര്യ ജീവിതവും അതിലെത്തിപ്പെടുന്നതോടെ ചുരുള്‍ നിവരുന്ന കളിക്കാരന്റെ സങ്കീര്‍ണമായ ജീവിത പശ്ചാത്തലവും… നര്‍മവും വൈകാരികതയും ഒട്ടൊക്കെ ആവേശവും ചേര്‍ത്ത് നവാഗത സംവിധായകനായ സകരിയ്യ ഒരുക്കിയ ‘സുഡാനി ഫ്രം നൈജീരിയ’ ഇതാണ്. പേരിലും ട്രെയ്‌ലറിലുമെല്ലാം ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ പ്രതീതിയുണര്‍ത്തിയെങ്കിലും വ്യക്തിബന്ധങ്ങളും സൗഹൃദവും കുടുംബവുമെല്ലാം ഇഴചേര്‍ന്ന, പൊട്ടിച്ചിരിപ്പിക്കുകയും കണ്ണു നനയിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യുന്ന സിനിമ ബോക്‌സ് ഓഫീസിന്റെ വല കുലുക്കിയെന്നാണ് ആദ്യദിനത്തിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

കഥ, പശ്ചാത്തലം
നിരവധി കായിക സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും വടക്കന്‍ കേരളത്തിന്റെ സ്വന്തം സെവന്‍സ് ഫുട്‌ബോള്‍ പ്രമേയമായ ചിത്രങ്ങള്‍ വിരളമാണ്; മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത ‘കെ.എല്‍ 10 പത്ത്’ ആയിരുന്നു ഒരു അപവാദം. ആ സിനിമയിലെ ഒരു ഡയലോഗില്‍ പരാമര്‍ശിച്ച പേരായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. ആഫ്രിക്കക്കാരായ സെവന്‍സ് കളിക്കാരെ അവരുടെ രാജ്യം ഏതായിരുന്നാലും സെവന്‍സ് പ്രേമികള്‍ പൊതുവില്‍ വിളിക്കുന്നത് ‘സുഡാനി’ എന്നാണ്.
നൈജീരിയയിലെ ലാവോസില്‍ നിന്ന് മലബാറിലെ ഒരു ചെറുകിട ക്ലബ്ബിലെത്തുന്ന സാമുവല്‍ റോബിന്‍സണ്‍ എന്ന കളിക്കാരന്‍ പരിക്കേറ്റു ശസ്ത്രക്രിയക്ക് വിധേയനാവുകയും സന്ദര്‍ഭവശാല്‍ അയാള്‍ ടീം മാനേജര്‍ മജീദിന്റെ വീട്ടില്‍ കിടപ്പിലാവുകയും ചെയ്യുന്നു. മജീദിന്റെ ഉമ്മ, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, പ്രദേശത്തെ കുട്ടികള്‍ തുടങ്ങി അയാള്‍ക്കു ചുറ്റും പുതിയൊരു ലോകം രൂപപ്പെട്ടു വരികയാണ്. അതാകട്ടെ, സാമുവലിനെ സങ്കീര്‍ണമായ തന്റെ ജീവിത പശ്ചാത്തലങ്ങളിലേക്ക് കൊണ്ടു പോകുന്നുമുണ്ട്. കളിപ്രാന്തല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത മജീദ്, സാമുവലുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ചില പ്രശ്‌നങ്ങളില്‍ വീണുപോവുകയും അവ പരിഹരിക്കുന്നതിനായി ഏറെ കഷ്ടപ്പെടുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ മുറുകി നില്‍ക്കെ തീര്‍ത്തും ലളിതമായൊരു രീതിയില്‍ അവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കപ്പെടുന്നു. കിടപ്പിലായതിനു ശേഷം സാമുവല്‍ പിന്നീട് കളിക്കളത്തിലേക്ക് മടങ്ങുന്നില്ലെങ്കിലും ആ ചെറിയ കാലയളവ് അയാളുടെയും മജീദിന്റെയും ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്.

സംവിധാനം, സാങ്കേതികം
കുറവുകളുണ്ടെങ്കിലും സുഡാനിയും മജീദും കേന്ദ്രബിന്ദുക്കളായ ഒരു കഥ വൃത്തിയായി എഴുതിയൊരുക്കുന്നതില്‍ മുഹ്‌സിന്‍ പരാരിയും സകരിയ്യയും വിജയിച്ചിട്ടുണ്ട്. ചടുലമായ സ്വാഭാവിക സംഭാഷണങ്ങളും സ്വാഭാവിക നര്‍മവും ആദ്യ പകുതിയില്‍ ചിത്രത്തെ സജീവമാക്കി നിര്‍ത്തുന്നു.
സാമുവലിന്റെ പശ്ചാത്തലം വിവരിക്കുന്നതിലെ ചില അവ്യക്തതകളടക്കം കഥയിലുള്ള ദൗര്‍ബല്യങ്ങളെ മികച്ച സംവിധാനത്തിലൂടെ സകരിയ്യ മറികടക്കുന്നുണ്ട്. റെക്‌സ് വിജയന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഇതില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ചില മുഹൂര്‍ത്തങ്ങളില്‍, പശ്ചാത്തല സംഗീതത്തിന്റെ മികവു കൊണ്ടു മാത്രം ചിത്രം മഗ്‌രിബ് സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്. (കെ.ടി.സി അബ്ദുല്ലയുടെ കഥാപാത്രവും മജീദും തമ്മിലുള്ള ചേരായ്മ വ്യക്തമാക്കുന്ന തീന്മേശ സംഭവം ഉദാഹരണം.)
സെവന്‍സ് ഗ്രൗണ്ടുകളുടെയും ഗാലറിയുടെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഗ്രാമ പ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുക്കുന്ന ഷൈജു ഖാലിദിന്റെ ക്യാമറ, കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

അഭിനയം
കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കൊച്ചി വേഷങ്ങളില്‍ തകര്‍ത്താടാറുള്ള സൗബിന്‍ സാഹിര്‍, മലപ്പുറത്തുകാരനായ ഫുട്‌ബോള്‍ മാനേജറുടെ ഭാഷയിലും ശരീര ഭാഷയിലും വിസ്മയിപ്പിച്ചു. സൗബിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രീ ശ്രീധരന്‍, അയല്‍വാസിയായി വേഷമിട്ട സരസ ബാലുശ്ശേരി എന്നിവരുടെ പ്രകടനം കയ്യടി നേടുന്നതായിരുന്നു. ദീര്‍ഘകാലം നാടകങ്ങളില്‍ വേഷമിട്ടിട്ടുള്ള ഇരുവരുടെയും കരിയറില്‍ ഈ ചിത്രം വഴിത്തിരിവായേക്കും. ‘സുഡു’ സാമുവലിന്റെ ഒതുക്കമുള്ള അഭിനയവും ശ്രദ്ധേയമായി. അനീഷ് ജി മേനോന്‍, ലുഖ്മാന്‍ ലുക്കു, അഭിരാം പൊതുവാള്‍, കെ.ടി.സി അബ്ദുല്ല തുടങ്ങിയവരും നല്ല അഭിനയമാണ് കാഴ്ചവെച്ചത്.

കുറവുകള്‍
സാമുവല്‍ ഇന്ത്യയില്‍ എത്തിപ്പെടാനുള്ള സാഹചര്യം വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിച്ചോ എന്നത് സംശയകരമാണ്; പ്രത്യേകിച്ചും പാസ്‌പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍. മലപ്പുറം ഉമ്മമാരുടെ നന്മയും നിഷ്‌കളങ്കതയും ആവിഷ്‌കരിക്കുമ്പോള്‍ കുറച്ച് ‘ഓവറായോ?’ എന്ന സംശയവും ബാക്കി. മലയാള സിനിമയുടെ മലപ്പുറം / മുസ്ലിം പൊതുബോധ നിര്‍മിതിക്കുള്ള തിരുത്താണെങ്കില്‍കൂടി ഇത്തരം രംഗങ്ങളില്‍ അല്‍പം കൂടി സ്വാഭാവികത വരുത്താമായിരുന്നു. മലപ്പുറം / മലബാര്‍ ഭാഷയിലെ നര്‍മവും പ്രാദേശിക സാഹചര്യങ്ങളിലെ തമാശകളും മധ്യ – തെക്കന്‍ കേരളങ്ങളില്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നത് കാത്തിരുന്നു കാണണം.

വെര്‍ഡിക്ട് 4/5
ആസ്വദിച്ചു കാണാവുന്ന, മലയാളത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകനെ സമ്മാനിക്കുന്ന ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തിലെ ക്ലൈമാക്‌സ് പഞ്ചു പോലെ മനംനിറഞ്ഞ് സുഡാനിക്ക് ജഴ്‌സി ഊരി നല്‍കി തന്നെയാവും പ്രേക്ഷകന്‍ തിയേറ്റര്‍ വിടുക.