പൂര്‍വ്വ വിദ്യര്‍ത്ഥിസംഗമങ്ങള്‍ വില്ലനാവുന്നോ?; കുടുംബജീവിതം താളം തെറ്റിച്ച് പഴയകാല പ്രണയങ്ങള്‍

വര്‍ഷങ്ങള്‍ക്കു ശേഷം സഹപാഠികള്‍ ഒരുമിച്ച് കൂടുന്ന പൂര്‍വ്വ വിദ്യാര്‍വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഇന്ന് വ്യാപകമാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന സിനിമയിലായിരുന്നു ഇത്തരത്തിലൊരു ആശയം പ്രമേയമായത്. പിന്നീട് സിനിമയുടെ ചുവടേറ്റു പിടിച്ച് സ്‌കൂളുകളിലും കോളേജുകളിലും പൂര്‍വ്വവിദ്യര്‍ത്ഥി സംഗമകള്‍ സംഘടിപ്പിച്ചു തുടങ്ങി. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ കൊല്ലങ്ങളോളം കാണാത്തവര്‍ കണ്ടുമുട്ടുകയും സൗഹൃദം ഓര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചില സൗഹൃദങ്ങളും ബന്ധങ്ങളും അപകടകരമായ അവസ്ഥലകള്‍ സൃഷ്ടിക്കുന്നുണ്ടെന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകം ഈ അടുത്ത് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നാണ്.

എന്നാല്‍, ഇത്തരം സംഭവങ്ങളില്‍ കോളജ് റീയൂണിയനുകളെ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട കാര്യമില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും ബന്ധങ്ങളിലെ പുതുമ തേടുന്ന മനസ്സുമെല്ലാമാണ് പലരെയും മറ്റൊരു ബന്ധത്തിലേക്ക് എത്തിക്കുന്നതെന്ന് കോഴിക്കോട് ഗവണ്‍മെന്റ് മാനസികാരോഗ്യകേന്ദ്രത്തിലെ മനഃശാസ്ത്രജ്ഞന്‍ ഡോ. സന്ദീഷ് പറയുന്നു. അത്തരക്കാര്‍ക്ക് മുമ്പുണ്ടായിരുന്ന പ്രണയങ്ങള്‍ വീണ്ടും സജീവമാക്കാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് പലരുടെയും പഠനകാലത്തെ പ്രണയങ്ങള്‍ പില്‍ക്കാലത്ത് പെട്ടെന്നു വീണ്ടും ഉണ്ടായിവരുന്നത്.

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലേക്കുള്ള പ്രചോദനം അറിയുന്നത്. റീയൂണിയന്‍ ആധാരമാക്കി ചിത്രീകരിച്ച 96 തമിഴ് സിനിമയാണ് അവരെ അടിപ്പിച്ചത്. കൂടാതെ ദൃശ്യം സിനിമയിലെ തെളിവ് നശിപ്പിക്കല്‍ രീതിയും ഇവരെ ആകര്‍ഷിച്ചു. തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ നടത്തിയ റീയൂണിയനു ശേഷമാണ് ഇരുവരും അടുപ്പത്തില്‍ ആയതെന്നും അതു പ്രണയത്തിലേയ്ക്ക് വളരുകയായിരുന്നെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ചങ്ങനാശേരി സ്വദേശി പ്രേംകുമാര്‍ ജോലിയോട് അനുബന്ധിച്ചാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഭാര്യ വിദ്യയ്‌ക്കൊപ്പം കൊച്ചി ഉദയംപേരൂര്‍ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്.

ഇതിനു മുന്‍പു എറണാകുളം ജില്ലയില്‍ പലയിടത്ത് ഇവര്‍ മാറിമാറി താമസിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഇതിനിടെയാണ് ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്‌കൂള്‍ റീയൂണിയനില്‍ പ്രേംകുമാര്‍ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് സുനിത തിരുവനന്തപുരത്തേയ്ക്ക് ജോലിക്കായി എത്തി. അവിടെ ഒരു ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടായി ജോലി ചെയ്യുകയാണ് സുനിത. ഭര്‍ത്താവും മക്കളുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് സുനിത പൊലീസിനു നല്‍കിയ മൊഴിയിലുള്ളത്. ഇവരുടെ ഭര്‍ത്താവും മൂന്നു മക്കളും നിലവില്‍ ഹൈദരാബാദില്‍ തന്നെയാണുള്ളത്.

ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രേംകുമാറും സുനിതയും പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിലും മരണം സ്ഥിരീകരിക്കുന്നതിലും മൃതദേഹം ഉപേക്ഷിക്കുന്നതിലും സുനിതയ്ക്ക് കൃത്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തൃക്കാക്കര എസിപി എം.വിശ്വനാഥ് പറഞ്ഞു. മുന്‍പു മൂന്ന് നാല് തവണ കാണാതായ ചരിത്രമുണ്ട് മരിച്ച വിദ്യയ്ക്ക്. ഇത് ഉപയോഗപ്പെടുത്തിയാണ് വിദ്യയെ കാണാനില്ല എന്നു കാണിച്ച് പ്രേംകുമാര്‍ പരാതി നല്‍കിയത്. എന്നാല്‍ മുന്‍പു കാണാതായപ്പോഴെല്ലാം വിദ്യ വീട്ടുകാരുമായി ബന്ധപ്പെടുമായിരുന്നത്രെ. ഇത്തവണ ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാകാതിരുന്നത് പൊലീസില്‍ സംശയമുണ്ടാക്കി.

സ്വപ്‌നം കാണുന്ന ജീവിതമല്ല അനുഭവത്തില്‍ വരുമ്പോള്‍ എന്നു മനസ്സിലാകുമ്പോഴാണ് ബന്ധങ്ങളില്‍ താളപ്പിഴകളും അകല്‍ച്ചയുമുണ്ടാകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ സാധിക്കാതെ വരുമ്പോഴാണ് രണ്ടു പേരും പുതിയ ബന്ധങ്ങള്‍ തേടിപ്പോകുന്നത്. പുതിയ ബന്ധങ്ങളിലേക്കുള്ള ശ്രമങ്ങള്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ബന്ധങ്ങള്‍ മുളയിലേ തിരിച്ചറിഞ്ഞ് പരസ്പര സമ്മതത്തോടെ ഒഴിവാകുകയോ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയോ ആണ് ഒരു പരിഷ്‌കൃത സമൂഹത്തില്‍ വേണ്ടത്. ഒരാളെ ഒഴിവാക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്യുമ്പോള്‍ ലഭിക്കുന്നത് ജയില്‍ ജീവിതമാണെന്ന് ഓര്‍മ്മയിലുണ്ടാകണം.

ബാല്യകാലത്തെ പ്രണയം മിക്കപ്പോഴും തുറന്നു പറയാതെ പോയവയായിരിക്കും. പ്രത്യേകിച്ചും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ളവരുടെ ബാല്യകാലം. പേടി കൊണ്ടോ, അപകര്‍ഷത കൊണ്ടോ തുറന്നു പറയാതെ പോയ പ്രണയങ്ങള്‍. അതേസമയം വിവാഹ ശേഷമോ മധ്യവയസ്സിലൊ ഇത് തുറന്നു പറയാന്‍ ഒരു പ്രയാസവുമുണ്ടാകില്ല. തിരിച്ചറിവുകള്‍ കൊണ്ടും സാങ്കേതിക വിദ്യയുടെ വളര്‍ച്ച കൊണ്ടും അന്നത്തെ വിലക്കുകളെ എല്ലാം മറികടക്കാനാകുന്നു എന്നതാണ് വീണ്ടും ഈ ബന്ധങ്ങള്‍ വളരാന്‍ ഇടയാക്കുന്നത്. സ്‌കൂള്‍ റീയൂണിയനുകള്‍ ഇതിനൊരു നിമിത്തം മാത്രമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചകൊണ്ട്, സ്‌കൂള്‍ റീയൂണിയനുകള്‍ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇവരെ കണ്ടെത്താനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഒരു പ്രയാസവുമില്ല എന്നതുകൊണ്ട് ഗെറ്റ്ടുഗദറുകളെ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ല. അതേസമയം ഈ കൂടിച്ചേരലുകള്‍ ഇത്തരം ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് സഹായിക്കുന്നു എന്ന ആരോപണം നൂറു ശതമാനം തള്ളിക്കളയാനും സാധിക്കില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ഉണ്ടായി വരുന്ന ബന്ധങ്ങളും പലതരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പഴയകാല സുഹൃത്താണ് ഇതെന്ന് ജീവിത പങ്കാളിയോട് പറയാനുള്ള ഒരു സ്‌പേസ് ബന്ധങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കണം.

കുടുംബ ബന്ധങ്ങള്‍ക്ക് ഓരോരുത്തരും എത്രത്തോളം വിലകല്‍പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അത് കരുത്തുറ്റതായിരിക്കുന്നത്. പഴയ സ്‌കൂള്‍, കോളജ് കൂട്ടുകാരിയെ അല്ലെങ്കില്‍ കൂട്ടുകാരനെ ഒരു സുഹൃത്തിനെ എന്നപോലെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള മാനസിക അടുപ്പം കുടുംബ ബന്ധത്തില്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത്. ദൂരെ നിന്നു കാണുന്ന അക്കരപ്പച്ചയല്ല യഥാര്‍ഥ കുടുംബ ജീവിതം എന്ന തിരിച്ചറിവാണ് വലുത്. ഉള്ള സാഹചര്യങ്ങള്‍കൊണ്ട് സന്തോഷം കണ്ടെത്താന്‍ സാധിക്കണം. അല്ലാത്തപക്ഷം എപ്പോള്‍ വേണമെങ്കിലും ഒരു ചില്ലുപാത്രം പോലെ അത് നിലത്തുവീണ് ഉടഞ്ഞുപോയേക്കാം. ഡോക്ടര്‍ സന്ദീഷ് പറയുന്നു.

SHARE