ദുബായില്‍ താമസവിസക്കാര്‍ക്കായി പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം

ദുബൈ: ദുബൈയിലേക്ക് തിരികെ വരാനാഗ്രഹിക്കുന്ന താമസവിസക്കാര്‍ക്കായി പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം. smart.gdrfad.gov.ae എന്ന വെബ്‌സൈറ്റില്‍ ഇവര്‍ പേരു രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ഉടനടി സന്ദേശം കിട്ടും. ഇതിന് ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളൂ. വിമാന ടിക്കറ്റിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ അപേക്ഷാ നമ്പര്‍ ആവശ്യമാണ്. യാത്രാ സമയത്ത് അനുമതി കിട്ടിയ ഇമെയിലിന്റെ പകര്‍പ്പ് കൈയില്‍ കരുതണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

മടങ്ങിയെത്തുന്ന താമസവിസക്കാര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ കൊവിഡ് 19 പരിശോധന നിര്‍ബന്ധമാണ്. യാത്രയ്ക്ക് മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല. വിമാനമിറങ്ങിയ ഉടന്‍ covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിസിആര്‍ ഫലം ലഭിക്കുന്നതുവരെ ദുബായിലെത്തിയവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗമുണ്ടെന്ന് കണ്ടാല്‍ 14 ദിവസം ക്വാറന്റീനിലായിരിക്കണം. മാസ്‌ക് ധരിക്കുക, രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക തുടങ്ങിയ മുന്‍കരുതല്‍ മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്.

അതിനിടെ ജൂലൈ ഏഴു മുതല്‍ ടൂറിസ്റ്റുകള്‍ക്കും രാജ്യത്തേക്ക് അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാര്‍ക്കും മെഡിക്കല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. COVID-19 DXB ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

SHARE