വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിക്ക് പുതിയ ഉപദേഷ്‌ടാവ്; നിയമനം കൊവിഡ് സാഹചര്യത്തിലെന്ന് സർക്കാർ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പുതിയ ഉപദേഷ്ടാവിനെ നിയമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി മൂന്ന് മാസക്കാലത്തേക്ക് നിയമിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് ചുമതല. ആരോഗ്യ സെക്രട്ടറിയുമായി ആലോചിച്ചായിരിക്കും പ്രവര്‍ത്തനം. ശമ്പളം ലഭ്യമല്ലെങ്കിലും ടൂറിസം വകുപ്പില്‍ നിന്ന് വാഹനം അനുവദിക്കും.

സ്വര്‍ണക്കടത്ത് വിവാദം സംസ്ഥാന സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിനിടെയാണ് സംസ്ഥാനത്ത് കൊവിഡ് ഭീഷണി രൂക്ഷമായ സാഹചര്യത്തിലെ ഈ നിയമനം. സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചപ്പോള്‍ രാജീസ് സദാനന്ദന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥന്റെ സേവനം ഈ ഘട്ടത്തില്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

അതേസമയം, മുഖ്യമന്ത്രി പുറത്തുവിടുന്ന കോവിഡ് കണക്കുകളില്‍ പിശകുകളുള്ളതായ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദം സംസ്ഥാന സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തില്‍ കോവിഡ് പരിശോധന വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ് ആരോപിച്ചിരുന്നു.

അതിനിടെ കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആരില്‍ നിന്നും കൊവിഡ്-19 ബാധ ഉണ്ടാകാനുള്ള സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടമെന്ന നിലയില്‍ ആരില്‍ നിന്നും രോഗബാധ ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. മറ്റുള്ളവരില്‍ നിന്നും എല്ലാവരും സ്വയം സുരക്ഷിത വലയം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാമെന്ന് ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ വിലയിരുത്തിയിരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന യോഗത്തിലാണ് വിലയിരുത്തല്‍.