സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; ഏഴുവരെ ക്ലാസുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനം വരെ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികള്‍ തുടങ്ങിയവയെല്ലാം അവരുമായി ആലോചിച്ച് നിര്‍ത്തിവെക്കാനാണ് തീരുമാനം. ഏഴുവരെയുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കും. അംഗനവാടികള്‍ക്കും അവധി നല്‍കും. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നേരത്തെ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സംസ്ഥാന വ്യാപകമാക്കിയിരിക്കുന്നത്. അതിനിടെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രോഗികളുമായി ഇടപഴകിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വിവരശേഖരണം ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാവുമെന്നാണ് വിവരം.

SHARE