അഭയാര്‍ഥികളോടുള്ള മര്യാദകള്‍

ടി.എച്ച് ദാരിമി
ആഭ്യന്തരരാഷ്ട്രീയ-സാമുദായിക പീഡനങ്ങള്‍, ക്ഷാമം, യുദ്ധം മുതലായവകാരണം അന്യനാട്ടില്‍ അഭയംതേടുന്നവരാണ് അഭയാര്‍ഥികള്‍. കുലത്തില്‍ യുദ്ധവും വൈരവും വര്‍ദ്ധിച്ചുതുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംമുതലാണ് അഭയാര്‍ഥികളുടെ ഒഴുക്ക് ശ്രദ്ധയില്‍പെടുവാന്‍ മാത്രം വലുതായത്. രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോഴേക്കും ആ ഒഴുക്ക്‌വലുതായി. ഇപ്പോള്‍ അത് ഏഴുകോടിയോളം എത്തിനില്‍ക്കുന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെകണക്ക്. ഈ കണക്കിലെ ബാഹുല്യത്തേക്കാള്‍ഇപ്പോള്‍ലോകത്തെ അസ്വസ്ഥമാക്കുന്നത് അവരിലധികവും കുട്ടികളാണ് എന്നതാണ്. സ്ത്രീകളുടെ അനുപാതവും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളെ തുടര്‍ന്ന് സ്വന്തം മണ്ണ് ഉപേക്ഷിച്ച് പലായനം ചെയ്യുന്നവര്‍ തികച്ചും നിരാലംബരാണ്. കയ്യില്‍കിട്ടിയത് ചുരുട്ടിപ്പിടിച്ച് മറ്റൊരു രാജ്യത്ത് അവരെത്തിപ്പെടുമ്പോള്‍ അവരുടെ ഏകപ്രതീക്ഷ ചെന്നുകയറുന്ന രാജ്യത്തിലെ സഹജീവികളുടെ ദയാവായ്പ്പ് മാത്രമായിരിക്കും. ബാഹ്യമായ മറ്റൊരു പ്രേരണയുമില്ലാതെതന്നെ മനുഷ്യര്‍ ഇങ്ങനെ വരുന്നവരോട് കാരുണ്യവും ദയയും കാണിക്കേണ്ടതാണ്. കാരണം സമൂഹത്തിലുണ്ടാകുന്ന എല്ലാ കയറ്റിറക്കങ്ങളുടെയും പൊതുവായ സ്വഭാവം ചാക്രികതയാണ്. അനുകൂലതയും പ്രതികൂലതയും മാറി മാറിവന്ന് ആരെയും എപ്പോള്‍വേണമെങ്കിലും പിടികൂടാം. ഇന്നു നീ എന്നു പറയുന്നിടത്തെല്ലാം അതിന്റെ ബാക്കി നാളെ ഞാന്‍ എന്നായിരിക്കും എന്നതാണ് അവസ്ഥ. മനുഷ്യന്റെ വേദന തിരിച്ചറിയുവാന്‍ കഴിയുക മനുഷ്യര്‍ക്കുമാത്രമാണല്ലോ. അതിനാല്‍ തങ്ങളുടെ നാട്ടില്‍വന്നു കയറുന്നവരോട് ദയാവായ്പ്കാണിക്കുക എന്നത് മനുഷ്യത്വത്തിന്റെ മാത്രം ന്യായമാണ്
എന്നാല്‍ അഭയാര്‍ഥി പ്രവാഹം ഇങ്ങനെ ശക്തിപ്പെട്ടപ്പോഴേക്കും ലോകംകൂടുതല്‍ വിദ്വേഷങ്ങളുടെ തട്ടകമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. മാനുഷികമൂല്യങ്ങളേയും കടമകളേയും മറന്നു തുടങ്ങിയതോടെ ഓരോ രാജ്യവും തങ്ങളുടെ നാട്ടില്‍ എത്തുന്ന അഭയാര്‍ഥികളെ അസ്വസ്ഥതയോടെ നോക്കിക്കാണുവാന്‍ തുടങ്ങി. ഇതുണ്ടാക്കുന്ന ദൂരവ്യാപകമായ ദുഷ്ഫലങ്ങളെ പ്രതിരോധിക്കുവാന്‍ ഐക്യരാഷ്ട്രസഭ തന്നെ മുന്നിട്ടിറങ്ങി. 1951ല്‍. പക്ഷെ, എന്നിട്ടും അഭയാര്‍ഥികളോട് ശത്രുതാമനോഭാവം പുലര്‍ത്തുന്നതു വര്‍ദ്ധിച്ചു വരികതന്നെയായിരുന്നു. സിറിയ, ഇറാഖ്, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹമാണ് ഈ ഗണത്തില്‍ ഏറ്റവും വലുത്. എന്നാല്‍ ഇത് ഇത്തരം അറബ് രാജ്യങ്ങളുടെ മാത്രം പ്രത്യേകതയല്ല. കാരണം വെനസ്വലയില്‍ നിന്ന് ബ്രസീലിലേക്കുള്ള അഭയാര്‍ഥി പ്രവാഹം അവിടെ വലിയരാഷ്ട്രീയ വിവാദങ്ങള്‍ക്കുവഴിവെക്കുന്നത്ര വലുതായത് ലോകംകണ്ടതാണ്. അഭയാര്‍ഥികളുമായിവരുന്ന ജര്‍മ്മന്‍ വിമാനങ്ങളെ തങ്ങളുടെ രാജ്യത്ത് ഇറങ്ങുവാന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തമന്ത്രി ഈയിടെ പറഞ്ഞത് അതിന്റെ രൂക്ഷതയാണ് സൂചിപ്പിക്കുന്നത്. മെക്‌സിക്കന്‍ അഭയാര്‍ഥികളെ തടയുവാന്‍ വേണമെങ്കില്‍ ഒരു വന്‍മതില്‍ പണിയും എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് തെരഞ്ഞെടുപ്പിനെ തന്നെ നേരിട്ടത്. മ്യാന്‍മറില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ഥികളെ സ്വീകരിക്കുകയില്ല എന്ന് ബംഗ്ലാദേശ് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനു പുറമെ കടുത്ത ദാരിദ്രത്തിലും രാഷ്ട്രീയ അരാജകത്വത്തിലും കഴിയുന്ന ആഫ്രിക്കന്‍ ജനത ബോട്ടുകളില്‍ കയറി എത്തുന്നിടത്തേക്കെല്ലാം കടന്നുകൊണ്ടിരിക്കുകയാണ്. ഈ അഭയാര്‍ഥികളെല്ലാം അവര്‍ അഭയംതേടുന്ന രാജ്യങ്ങളില്‍ ഭീഷണികളുടെയും അവജ്ഞയുടെയും അവഗണനയുടേയും മുമ്പിലാണ്. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ നമുക്കു വേര്‍തിരിച്ചെടുക്കുവാന്‍ കഴിയുന്ന ഒരുകാരണം തെളിഞ്ഞുവരുന്നുണ്ട്. അത് അഭയാര്‍ഥികളില്‍ അധികവും അറബികളോ മുസ്‌ലിംകളോ ആണ് എന്നതാണത്. സിറിയന്‍ അഭയാര്‍ഥികള്‍ പത്തു മില്യണും ഫലസ്തീനില്‍ നിന്നുള്ളവര്‍ അതിന്റെ പകുതിയും ഇറാഖില്‍ നിന്നുള്ളവ ര്‍ ഒന്നരമില്യണും അഫ്ഗാന്‍, സോമാലിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം മൂന്നുമില്യണും വരുമെന്നാണ് കണക്കുകള്‍. വലിയ ഒരു ആള്‍ക്കൂട്ടമായിതോന്നാത്ത യമനില്‍ നിന്നുംലിബിയയില്‍നിന്നുമുള്ളവര്‍ വേറെയും. ഇക്കാര്യം അടിവരയിടേണ്ടിവരുന്നത് മുസ്‌ലിംകളായി എന്നതുകൂടി അഭയാര്‍ഥികളോടുള്ള മനോഭാവത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നതു പരിഗണിക്കുവാന്‍ വേണ്ടിയാണ്.
അഭയാര്‍ഥികളെ സഹായിക്കുവാന്‍ ഐക്യരാഷ്ട്രസഭ പല നിയമങ്ങളും നിര്‍ദ്ദേശങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഏട്ടില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നതാണ് അനുഭവം. ആഹ്വാനങ്ങള്‍ മുതല്‍ നിയമ നിര്‍മ്മാണങ്ങള്‍ക്കുവരെ ഇക്കാര്യത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നു ഇതുതെളിയിക്കുന്നു. ഈ വിഷയംതികച്ചും മാനുഷികമാണ്. മനുഷ്യമനസ്സിന് അതിന്റെ നന്‍മയെ പുല്‍കുവാന്‍ കഴിയുമെങ്കില്‍ അതു മാത്രമായിരിക്കും വിജയിക്കുക. അതുകൊണ്ടുതന്നെ അഭയാര്‍ഥികളോടുണ്ടാവേണ്ട സമീപനത്തിന്റെ കാര്യത്തിലും ഇസ്‌ലാമിന്റെ നിലപാട് മുന്നിട്ടുനില്‍ക്കുന്നു. മനുഷ്യനെ മാനസികമായി സ്വാധീനിച്ച് അറിവും തിരിച്ചറിവും ഉണ്ടാക്കിയെടുത്ത് അതില്‍ ഉറച്ചു നില്‍ക്കുവാനുതകുന്ന ഒരുജീവിതപദ്ധതി അവതരിപ്പിച്ച ഇസ്‌ലാം അഭയാര്‍ഥികളോട് കാണിക്കേണ്ട മര്യാദകളും കടമകളും വ്യക്തമാക്കിയുട്ടുണ്ട്. മാത്രമല്ല അഭയാര്‍ഥി പ്രശ്‌നം ഇസ്‌ലാം മനോഹരമായി കൈകാര്യം ചെയ്തു ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. തികച്ചും നിരാലംബരായി യത്‌രിബില്‍ എത്തിപ്പെട്ട മുഹാജിറുകളെ കുടിയിരുത്തിയത് ലോകം കണ്ട ഏറ്റവും വലിയ കൗതുക കാഴ്ചകളിലൊന്നാണ്. ആധുനിക ലോക രാഷ്ട്രങ്ങള്‍ ചെയ്യുന്ന പോലെ ഏതെങ്കിലും വെളിമ്പുറങ്ങളില്‍ ടെന്റ് കെട്ടിക്കൊടുത്ത് അവര്‍ക്കുഎന്തെങ്കിലും തിന്നാനും കുടിക്കുവാനും ഇട്ടുകൊടുക്കുകയായിരുന്നില്ല ഇസ്‌ലാംചെയ്തത്. മറിച്ച്അവരെ മനോഹരമായി പുനരധിവസിപ്പിക്കുകയായിരുന്നു. മക്കയില്‍ നിന്നും വന്ന ഓരോരുത്തരെയും മാനസികമായി തന്റെ സഹോദരനായി കാണുവാന്‍ ആദ്യം നബി (സ) അവരെ പഠിപ്പിച്ചു. തുടര്‍ന്ന് തദ്ദേശീയരായ ഓരോരുത്തരോടും അഭയാര്‍ഥികളില്‍ ഓരോരുത്തരെ സ്വന്തംവീട്ടില്‍ സ്വീകരിക്കുവാന്‍ പറഞ്ഞു. ഇതുതന്നെ വളരെ കൃത്യവും ശാസ്ത്രീയമായിട്ടായിരുന്നുവിന്യസിക്കപ്പെട്ടത്. മക്കയില്‍ നിന്നും വന്ന പ്രമുഖരെ അവര്‍ക്കനു യോജ്യമായ വീടുകളില്‍തന്നെ അധിവസിപ്പിച്ചു. ഉമര്‍(റ)വും കുടുംബവും മുബശ്ശിര്‍ ബിന്‍ അബ്ദുല്‍ മുന്‍ദിര്‍ എന്ന സ്വഹാബിയുടെ വീട്ടിലായിരുന്നു താമസിച്ചത്. നബി(സ)യുടെ മകള്‍ റുഖിയ്യ(റ), മരുമകന്‍ ഉസ്മാന്‍(റ) എന്നിവരെ അധിവസിപ്പിച്ചത് ബനൂ നജ്ജാറിലെഔസ് ബിന്‍ താബിത്(റ)വിന്റെ വീട്ടിലായിരുന്നു. നബി(സ)യുടെ അമ്മാവന്‍മാരാണല്ലോ ബനൂ നജ്ജാര്‍. സഅ്ദ് ബിന്‍ ഖൈസമയുടെവീട്ടില്‍ അവിവാഹിതരായവര്‍ മാത്രമായിരുന്നു പുനരധിവസിപ്പിക്കപ്പെട്ടത്. ബൈതുല്‍ഇസാബ് അഥവാ അവിവാഹിതരു െടതാവളം എന്നു ഈ വീട് അറിയപ്പെട്ടു. ഇങ്ങനെ അഭയാര്‍ഥിയുടെസാമൂഹ്യസവിശേഷതകള്‍ മുതല്‍ വൈയക്തിക പ്രത്യേകതകള്‍വരെ പരിഗണിക്കപ്പെട്ടതുകൊണ്ടാണ് ഈ പുനരധിവാസം അത്രക്കും ശാസ്ത്രീയമായിരുന്നു എന്നു പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതെ അഭയാര്‍ഥികളെ വീണ്ടുംകഷ്ടപ്പെടുത്തുന്ന പുതിയ ലോകത്തിന് കൗതുകമുള്ള വസ്തുതകളാണിവയെല്ലാം.
ഇനി അഭയാര്‍ഥികളോട് പുലര്‍ത്തേണ്ട സമീപന രീതികളെ പറ്റിയുള്ള ഇസ്‌ലാമിന്റെ നയം നോക്കം. അത് പ്രധാനമായും വിശുദ്ധ ഖുര്‍ആനില്‍ രണ്ട് സൂക്തങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്. ഒന്നാമതായി സൂറത്തുല്‍ ഹശ്‌റിലെ ഒമ്പതാം വാക്യത്തില്‍ പറയുന്നു: ‘എന്നാല്‍ നേരത്തെ തന്നെ വീടുംവിശ്വാസവുംസജ്ജീകരിച്ചവരാവട്ടെ സ്വദേശം പരിത്യജിച്ചുകൊണ്ട്തങ്ങളുടെ നാട്ടിലെത്തുന്ന അഭയാര്‍ഥികളെ സ്‌നേഹിക്കുന്നവരും അവര്‍ക്കുകിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സില്‍ ഒരാഗ്രഹവുമില്ലാത്തവരുമാകുന്നു. തങ്ങള്‍ക്കു ദാരിദ്ര്യമുണ്ടെങ്കില്‍ പോലും അഭയാര്‍ഥികള്‍ക്കാണവര്‍ മുന്‍ഗണന കൊടുക്കുക. സ്വശരീരത്തിന്റെ പിശുക്കില്‍ നിന്ന് ആര്‍ മുക്തരായോ അവര്‍ തന്നെയാണ് ജേതാക്കള്‍. (59:9). അഭയാര്‍ഥികളോടു പുലര്‍ത്തേണ്ട സമീപനം ഈ സൂക്തത്തില്‍ വ്യക്തമാണ്. അവരെ പൂര്‍ണ്ണമനസ്സോടെസ്വീകരിക്കുകയാണ്അവയിലൊന്നാമത്തേത്. അത്അവര്‍ക്ക് മാനസികമായ ബലമേകും. സ്വന്തംസ്വത്ത് യാതൊരുമടിയുമില്ലാതെഅവരെ പുനരധിവസിപ്പിക്കുവാനായി ചെലവഴിക്കാനുള്ള സന്നദ്ധതയാണ് മറ്റൊന്ന്. സൂക്ഷ്മമായിവിലയിരുത്തിയാല്‍അഭയാര്‍ഥികളോട്കാണിക്കേണ്ട എല്ലാ മാന്യതകളുടെയും അടിസ്ഥാനമാണ് ഈ സ്‌നേഹവും ഉദാരതയും എന്നുകണ്ടെത്താം. മറെറാന്ന് സൂറത്തുല്‍തൗബ ആറാംവചനത്തില്‍ പറയുന്നതാണ്. ആദ്യം പറഞ്ഞത് ദാരിദ്ര്യം, ഭീഷണി തുടങ്ങിയ സാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെങ്കില്‍ രണ്ടാമതു പറയുന്നത് മതപരമായ കാരണങ്ങളാല്‍ പലായനം ചെയ്യുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അല്ലാഹു പറയുന്നു: ‘ഇനി ഏതെങ്കിലുമൊരു ബഹുദൈവവിശ്വാസി താങ്കളുടെ സമക്ഷം അഭയം തേടിവരുന്നുവെങ്കില്‍ അല്ലാഹുവിന്റെ വചനം കേട്ടു മനസ്സിലാക്കുവാനായി അവനു അഭയം നല്‍കണം. പിന്നെ സുരക്ഷിതത്വമുള്ള ഒരു സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയുംവേണം’ (9:6). ഇസ്‌ലാം എന്ന ആശയത്തെ അടുത്തറിയുവാനുള്ള ഒരു സ്വാഭാവിക അവസരം ഉണ്ടാക്കണമെന്നു പറയുമ്പോള്‍ അത് തെറ്റായ അര്‍ഥങ്ങളിലേക്കൊന്നും പോകുന്നില്ല. ഇസ്‌ലാം അത്രയും സത്യസമ്പന്നവും ശാസ്ത്രീയസുദൃഢവുമാണ്. അതുകേള്‍ക്കുവാനുള്ള ഒരു അവസരവും പാഴാക്കിക്കൂടാ. ഒരുപക്ഷേ, അതു അവന്റെ ജീവിതത്തെ സ്വാധീനിച്ചാലോ. അതുകഴിഞ്ഞാല്‍ മറ്റൊരു ബലപ്രയോഗവുമില്ലാതെ അവനെ അവനു സുരക്ഷിതമായ ഒരു സ്ഥലത്തെത്തിക്കണം എന്നു പറയുന്നു. മാനസികമായി ഒരു അസ്വസ്ഥത പോലും ഒരുഅഭയാര്‍ഥിയും അനുഭവിക്കുവാന്‍ ഇടവരരുത് എന്ന ഇസ്‌ലാമിന്റെ മഹത്തായതാല്‍പര്യമാണ് ഇതു അനാവരണംചെയ്യുന്നത്. ഇതുകൊണ്ടെല്ലാമാണ് ലോകം നേരിടുന്ന ഏതുവിഷയത്തിലുമെന്നപോലെ അഭയാര്‍ഥികളുടെ കാര്യത്തിലും ഇസ്‌ലാമിന്റെ ദര്‍ശനം തന്നെയാണ് മുന്നില്‍ എന്നു പറയുന്നത്.

SHARE