സാമൂഹിക-സാമ്പത്തിക-ജാതി സർവ്വേ നടത്തി പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കണം: ഡോ. എം.കെ മുനീർ

കോഴിക്കോട്: 23 വർഷമായി മുടങ്ങിക്കിടന്ന പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കാൻ സാമൂഹിക സാമ്പത്തിക ജാതി സർവ്വേ ഉടൻ നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ 22ന് കോടതി ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള കേസിൽ ഹൈക്കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്തി വേഗത്തിൽ സർവേ നടത്താൻ സർക്കാർ തയ്യാറാവണം. ആഗസ്റ്റ്് 26നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. സർക്കാറും പിന്നാക്ക കമ്മിഷനും നോട്ടീസ് കൈപ്പറ്റിയിട്ടും ഒരു വക്കാലത്ത് പോലും നൽകാതെ മൗനം പാലിക്കുകയാണ്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഈ സർക്കാറിന് എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് റീസർവ്വേ നടത്തി പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ഡോ. മുനീർ ആവശ്യപ്പെട്ടു.
ഓരോ പത്ത് വർഷം കഴിയുമ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുനപരിശോധിക്കണമെന്നാണ് 1993 ലെ പിന്നാക്ക കമ്മീഷൻ ആക്ടിലെ സെക്ഷൻ 11 വ്യക്തമാക്കുന്നത്. സമാനമായ നിർദേശം സുപ്രീംകോടതിയും നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത് പാലിക്കപ്പെട്ടിട്ടില്ല. പട്ടിക പുതുക്കുന്നതിനായി സംസ്ഥാനത്തെ ബാക്ക്‌വേർഡ് ക്ലാസ് കമ്മീഷൻ സാമൂഹിക-സാമ്പത്തിക ജാതി സർവേ നടത്തണമെന്നാണ് വ്യവസ്ഥ. ഇത് നടക്കാത്തതാണ് പട്ടിക പുതുക്കുന്നതിനുള്ള തടസം. ഇതോടെ 73 വിഭാഗങ്ങളിൽ സർക്കാർ ജോലികളിലടക്കം മതിയായ പ്രാതിനിധ്യം ലഭിച്ചോ എന്ന് പരിശോധിക്കാനും ലഭിച്ചവരെ കണ്ടെത്തി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും കഴിയാതായി. നിലവിൽ ഇത് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജൂലൈ 22 ന് സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇനിയെങ്കിലും തെറ്റ് തിരുത്തപ്പെടണം. സംവരണത്തിന് അർഹതയുള്ള വിഭാഗങ്ങൾക്ക് അതിനുള്ള അവസരം ലഭിച്ചോ എന്നു പരിശോധിക്കപ്പെടണം. പട്ടികയിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ അടുത്ത പത്തു വർഷത്തിനു ശേഷം മാറ്റങ്ങളുണ്ടാകാം- അദ്ദേഹം വിശദീകരിച്ചു.
23 വർഷമായി തുടരുന്ന അലംഭാവം അവസാനിപ്പിച്ച് പിന്നാക്ക വിഭാഗങ്ങളോട് നീതി കാട്ടേണ്ട സന്ദർഭമാണിത്. ഇപ്പോഴും അവസര സമത്വം ലഭിക്കാതെ പോയ വിഭാഗങ്ങൾ ഏറെയുണ്ട്. സച്ചാർ കമ്മിഷൻ റിപ്പോർട്ടും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. മുസ്‌ലിംകൾ ഉൾപ്പെടെ പല പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവ്വീസുകളിൽ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017ൽ നടത്തിയ സർവ്വേ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. റീ സർവ്വേ നടത്താനുള്ള സന്നദ്ധത അറിയിക്കാൻ സർക്കാർ തയ്യാറാകണം. മുന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ പിന്നാക്കമാകാനും തിരിച്ചും സാദ്ധ്യതയുണ്ട്. കാലാനുസൃതമായ പരിശോധനയാണ് ഇക്കാര്യത്തിൽ പിന്നാക്ക കമ്മിഷൻ ആക്ട് നിർദ്ദേശിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾ എല്ലാ അർത്ഥത്തിലും അരികുവൽക്കരിക്കപ്പെടുകയും സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുകയും ചെയ്യുന്ന കാലത്ത് സാമൂഹിക നീതി ഉറപ്പുവരുത്താൻ സർക്കാർ രാഷ്ട്രീയ ജാഗ്രത കാണിക്കണമെന്നും ഡോ.എം.കെ മുനീർ ആവശ്യപ്പെട്ടു.

SHARE