കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോക ചക്രം

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 69-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രപതി ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ വിഭാഗത്തിലുള്ളവരും ചേര്‍ന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഈ ദിനത്തില്‍ രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരെ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സൈനികര്‍, ഡോക്ടര്‍മാര്‍, കര്‍ഷകര്‍, നഴ്‌സുമാര്‍, ശാസ്ത്രകാരന്‍മാര്‍, എഞ്ചിനീയര്‍മാര്‍, അമ്മമാര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. സമത്വം, മതേതരത്വം, സൗഹാര്‍ദ്ദം എന്നിവയാണ് ഇന്ത്യയുടെ അടിസ്ഥാനം. ഇന്ത്യക്കു വേണ്ടി ത്യാഗം ചെയ്ത നിരവധി പേരുണ്ട്. അവരെയൊന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും എല്ലാവരുടേയും സേവനങ്ങള്‍ക്കു നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ കേവലം സ്വതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടികൂടിയാണ് പോരാടിയതെന്നും രാഷ്ട്രപതി അനുസ്മരിച്ചു. രാജ്യ പുരോഗതിയില്‍ ്അവര്‍ നല്‍കിയ പാഠം എല്ലാ സമയത്തും പ്രാധാന്യമുള്ളതാണ്. ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്നു പറഞ്ഞ രാഷ്ട്രപതി രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുട്ടികളുടെ പോഷകാഹാര കുറവാണെന്നും ഇത് മറികടക്കാന്‍ ഇനിയും ഏറെ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. കാലഹരണപ്പെട്ട പാഠ്യ രീതികള്‍ പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിത ഉന്നമനത്തിനായി നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോക ചക്രം
ന്യൂഡല്‍ഹി: കശ്മീരില്‍ കഴിഞ്ഞ നവംബറില്‍ ആറു തീവ്രവാദികളെ വകവരുത്താന്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കമാന്റോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് മരണാനന്തര ബഹുമതിയായി അശോക ചക്രം സമ്മാനിക്കും. ഐ.എ.എഫ് ചരിത്രത്തില്‍ അശോക ചക്രം നേടുന്ന മൂന്നാമത്തെയാളാണ് നിരാല. നിരാലയുടെ അശോക ചക്രം ഉള്‍പ്പെടെ 390 ധീരത പുരസ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. മേജര്‍ വിജയന്ത് ബിസ്തിന് കീര്‍ത്തി ചക്രയും മേജര്‍ അഖില്‍ രാജ്, ക്യാപ്റ്റന്‍മാരായ രോഹിത് ശുക്ല, അഭിനവ് ശുക്ല, പ്രദീപ് ശൗര്യ ആര്യ, ഹവില്‍ദാര്‍ മുബാറക് അലി, ഹവില്‍ദാര്‍ രബ്രീന്ദ്ര ഥാപ്പ, നായിക് നരേന്ദര്‍ സിങ്, ലാന്‍സ് നായിക് ബദര്‍ ഹുസൈന്‍, പാരാട്രൂപ്പര്‍ മഞ്ചു, കോര്‍പറല്‍ നിലേശ് കുമാര്‍ നായന്‍ (മരണാനന്തരം), സര്‍ജന്റ് കൈര്‍നര്‍ മിലിന്ദ് കിശോര്‍ (മരണാനന്തരം), കോര്‍പറല്‍ ദേവേന്ദ്ര മെഹ്ത എന്നിവര്‍ക്ക് ശൗര്യ ചക്ര പുരസ്‌കാരവും സമ്മാനിക്കും.