ആസിയാന്‍ രാഷ്ട്രത്തലവന്‍മാരെ സാക്ഷികളാക്കി; റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: 69ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഔദ്യോഗിക തുടക്കമായി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്‍മാരെ സാക്ഷികളാക്കി പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ റിപ്ലബിക് ആഘോഷം.

രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര ജവാന്മാര്‍ക്കായി ഇന്ത്യഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഡല്‍ഹിയിലെ രാജ്പഥില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി.

ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ഇന്ത്യ ക്ഷണിക്കുന്നത്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ലാവോസ്, ബ്രൂണെയ്, കംബോഡിയ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികളായി പങ്കെടുത്തത്. ഏഷ്യയില്‍ ഇന്ത്യയുടെ അപ്രമാദിത്വം വിളിച്ചോതുന്ന സൈനികശക്തി പ്രകടനത്തിനാണ് ലോകം സാക്ഷിയായത്.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സൈനിക കരുത്തും വെളിവാക്കുന്ന പരിപാടി കനത്ത സുരക്ഷയോടെയാണ് സംഘടിപ്പിച്ചത്. നേരത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു.