മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നങ്ങളുമായി തോമസ് ഐസക്കിന്റെ നീണ്ട ബജറ്റ്

തിരുവനന്തപുരം: ജനങ്ങള്‍ക്ക് അധിക നികുതി ഭാരം അടിച്ചേല്‍പിച്ചും മലര്‍ പൊടിക്കാരന്റെ സ്വപ്‌ന പദ്ധതികളെന്നോണവും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അനുകരിക്കുവെന്നോണം നീണ്ട പ്രസംഗവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ പതിനൊന്നാം സംസ്ഥാന ബജറ്റ്.

പ്രായോഗികതലം വ്യക്തമാക്കാതെന്നോണം ബജറ്റില്‍ കുറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്ലും ആവര്‍ത്തന വിരസതയുടെ പാക്കേജുകള്‍ കുത്തിനിറച്ചതാണ് ഐസക്കിന്റെ 2020-21-ലെ രണ്ട് മണിക്കൂറും 33 മിനിറ്റും നീണ്ട ബജറ്റ് പ്രസംഗം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഈ ബജറ്റിലും മുഖ്യ സ്ഥാനം പിടിച്ചു എന്നുള്ളതാണ് എടുത്തു പറയേണ്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കടക്കം ഫീസ് കൂട്ടി. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചും വാഹന നികുതി കുത്തനെ കൂട്ടിയും അധിക വരുമാനം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്.

വരുമാനം കണ്ടെത്താൻ നിർദ്ദേശിച്ചിരിക്കുന്ന സേവനനികുതി വർദ്ധന റിയൽ എസ്‌റ്റേറ്റ്, വാഹന വിപണികളെ ബാധിക്കുമെന്ന് ആശങ്ക. റവന്യൂ കമ്മി 1.55 ശതമാനവും ധനകമ്മി 3 ശതമാനവും വര്‍ധിക്കും.

അതിവേഗ റയില്‍വേ പദ്ധതി, ഉള്‍നാടന്‍ ജലപാതയുടെ നവീകരണം, ഡാമുകളില്‍ നിന്ന് മണല്‍ വാരി വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതി അടക്കമുള്ള 2020-21 ലെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലും മുഖ്യ ഇടം പിടിച്ചവയായിരുന്നു. ഇവ ആവര്‍ത്തിച്ചു എന്നല്ലാതെ സാമൂഹ്യ കാര്‍ഷിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന ബജറ്റില്‍ ധനമന്ത്രി ഊന്നല്‍ നല്‍കില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തസ്തികകള്‍ വെട്ടിച്ചുരുക്കുക വഴി യുവാക്കളുടെ തൊഴില്‍ സ്വപ്നത്തിന്റെ വഴിയാണ് ധനമന്ത്രി അടക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് അതിവേഗ സില്‍വര്‍ റെയില്‍ പാത നടപ്പാക്കുമെന്ന പദ്ധതി കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതിന്റെ തനിയാവര്‍ത്തനമാണ്.
1450 രൂപയ്ക്ക് 4 മണിക്കൂര്‍ കൊണ്ട് തിരുവന്തപുരം-കാസര്‍കോഡ് യാത്ര ചെയ്യാമെന്ന് തോമസ് ഐസക്ക് പറയുമ്പോള്‍ അതിന്റെ പ്രായോഗികത സാമ്പത്തിക ശാസ്ത്രം അറിയുന്നവര്‍ക്ക് എത്ര കണക്ക് കൂട്ടിയിട്ടും ഉത്തരം ലഭിക്കാത്ത അവസ്ഥയിലാണ് പദ്ധതി.
റെയില്‍ പദ്ധതിക്ക് സ്ഥലം എറ്റെടുക്കുക തന്നെ ഒരു ഹിമാലയന്‍ ടാസ്‌ക്കാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 3 വര്‍ഷം കൊണ്ട് സ്ഥലം ഏറ്റെടുത്താല്‍ തന്നെ രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടിക്കാമെന്ന് തോമസ് ഐസക്ക് സ്വപ്നത്തില്‍ പറഞ്ഞ് വെയ്ക്കുന്നുണ്ട്. എന്നാല്‍ പ്രായോഗിക തലത്തില്‍ ഈ റെയില്‍ പദ്ധതി പാളം തെറ്റുന്ന സൂചനകളാണ് നല്‍കുന്നത്. അല്ലെങ്കില്‍ തന്നെ 2009 ല്‍ ഈ അതിവേഗ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തിയത് തോമസ് ഐസക്ക് തന്നെ. എന്നിട്ടും 10 വര്‍ഷം കഴിഞ്ഞിട്ട് പോലും ഇപ്പോഴും മലയാളികളെ സ്വപ്നം കാണിക്കാനാണ് റെയില്‍ പദ്ധതിയിലൂടെ തോമസ് ഐസ്‌ക്ക് ലക്ഷ്യമിടുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുള്ള ജനപ്രിയ മുദ്രാവാക്യത്തിന് അപ്പുറം 5 വര്‍ഷം കഴിഞ്ഞാലും റെയില്‍ പാത യാഥാര്‍ത്ഥ്യമാകില്ല എന്നാണ് അനുഭവവും പഠനങ്ങളും നല്‍കുന്ന സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് തോമസ് ഐസക്ക് തന്റെ ബഡ്ജറ്റിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ അടിസ്ഥാനവില പത്ത് ശതമാനം കൂട്ടി. വൻകിട പദ്ധതി സ്ഥലങ്ങൾക്ക് അടുത്തുള്ള ഭൂമിയുടെ അടിസ്ഥാന വില 30 ശതമാനം കൂട്ടിയിട്ടുണ്ട്.  വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ് നല്‍കണം, തണ്ഡ പേര്‍ പകര്‍പ്പിന് 100 രൂപ, ഇതടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി സാധാരണക്കാരുടെ കൈ പൊള്ളും.

പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബഡ്ജറ്റ് തിരിച്ചടിയായി. യാത്രാ നിരക്ക് കൂട്ടാന്‍ ഇടയാക്കുന്നവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. 2 ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകള്‍ക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് 2 ശതമാനവുമാണ് നികുതി വര്‍ദ്ധനവ്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി. വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു ട്രാന്‍സ്‍പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി.

പുതുതായി വാങ്ങുന്ന പെട്രോള്‍ ഡീസല്‍ ഓട്ടോകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തെ റിബേറ്റ് എടുത്ത് കളഞ്ഞു. പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അ‍ഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അ‍ഞ്ച് ശതമാനമായി കുറച്ചു.

ഫാന്‍സി നമ്പറുകളുടെ ശ്രേണിയിലിപ്പോള്‍ 74 നമ്പറുകളാന്നുള്ളത്. ഇതിലേക്ക് കൂടുതല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തും. വന്‍കിട പ്രോജെക്ടുകള്‍ക്ക് അടുത്ത് നോട്ടിഫൈ ചെയ്യപ്പെടുന്ന ഭൂമിക്ക് ന്യായവില 30 ശതമാനം വരെ ഉയരും. അതേ സമയം നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയിസുകള്‍ ഏര്‍പ്പെടുത്തും.ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ അനര്‍ഹരെന്ന പേരില്‍ നിരവധി പേര്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് ഉറപ്പായി.

അന്തരിച്ച് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം.മാണിക്കായി സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

അതേസമയം, സംസ്ഥാന ബജറ്റ് വാചകകസര്‍ത്തിന്റെ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 1103 കോടി രൂപയുടെ അധിക ബാധ്യതതയാണ് ബജറ്റിലൂടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നത്. മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള നിര്‍ദേശങ്ങളൊന്നും തന്നെ ബജറ്റിലില്ല. ഈ ജനദ്രോഹ ബജറ്റ് മത്സ്യ തൊഴിലാളികളെയും കാര്‍ഷിക മേഖലയെയും കൈയൊഴിഞ്ഞ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വസ്തു വില്‍പനയും വാഹനവിപണിയും തകര്‍ന്ന് കിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടികള്‍ സ്വീകരിച്ച ധനമന്ത്രി വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.
കേരളം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.